Sunday, 19 February 2017

മയ്യഴി പുഴയുടെ തീരങ്ങളിൽ.. - പുസ്തകപരിചയം

മയ്യഴിയുടെ സ്വന്തം കഥാകാരൻ അദ്ധേഹത്തിന്റെ ഭാവനയിൽ മയ്യഴിയെ വളരെ ഭംഗിയായി വരച്ചിട്ടു . ഒരു നനുത്ത വേദനയോടെ വായന അവസാനിപ്പിച്ചിട്ടും ആ തീരത്തുനിന്ന് മടങ്ങാൻ മനസ്സനുവദിക്കാത്ത പോലെ തോന്നി. അക്ഷരങ്ങളാൽ തീര്ക്കുന്ന ആഖ്യാനത്തിന് ആകര്ഷണം എന്ന അലങ്കാരം കൂടി ചേർത്ത് നമ്മളെ മയ്യഴിയോടു ചേർത്ത് നിരത്തുന്ന എഴുത്തിലെ മാന്ത്രികത . കഥാപാത്ര വർണനയിൽ ആണ് മികവു എന്നുതോന്നി ചിലപ്പോളൊക്കെ ,അത്രയ്ക്ക് ആഴത്തിൽ കഥാപാത്രങ്ങൾ കയറിക്കൂടി മനസ്സിൽ. ദാസനും ചന്ദ്രികയും മാത്രമല്ല , അതിലും ഉപരിയായി കുറുമ്പി യമ്മയും , ലെസ്ലി സായ്‌വും , പിന്നെ ഒരു വേദന ആയി ഗസ്തോനും . വീണ്ടും ഒരിക്കൽ കൂടി വായിക്കാവുന്ന വരികൾ എന്ന് പറഞ്ഞു മാത്രം മാറ്റി വയ്ക്കുകയല്ല , ഇടയ്ക്കു ചെന്നിരിക്കണം മയ്യഴിയുടെ തീരത്ത്

Wednesday, 8 February 2017

ഇനി ഞാൻ ഉറങ്ങട്ടെ..- പുസ്തകപരിചയം

മഹാഭാരത കഥ ഒരു ഉത്ക്രഷ്ട സാഹിത്യ കൃതിയാണ്‌. കൗരവപാണ്ഡവ വീരന്മാരിലെ പല പ്രമുഖരെയും നായകരാക്കി പല പ്രമുഖരും മനോഹരമായ രചനകളും മറ്റ് കലാസൃഷ്ടികളും തീർത്തിട്ടുണ്ട്. എന്തിന്‌ സിനിമക്ക് പോലും പശ്ചാത്തലമായിട്ടുണ്ട്. ഞാൻ പറഞ്ഞ് വരുന്നത് പുരാണ സിനിമ എന്ന പേരു ചൊല്ലി വിളിക്കുന്ന വിരസമായ വിഭാഗത്തെയല്ല. കൗന്തേയനായ കർണ്ണൻ അത്തരത്തിലൊരു ജ്വലിച്ച് നില്ക്കുന്ന കഥാപാത്രമാണ്‌. കുരുക്ഷേത്ര യുദ്ധത്തെ അവന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് ധർമ്മാധർമ്മ ചിന്തകൾക്ക് മറ്റൊരു മാനം തരും. അത്തരത്തിൽ ഒരു ചിന്ത എനിക്ക് തോന്നിയത് തമിഴിലെ പ്രശസ്ത സംവിധായകനായ മണി രത്നത്തിന്റെ “തലപതി” കണ്ട ശേഷമാണ്‌. മമ്മുട്ടിയും രജനീകാന്തും ശോഭനയും ശ്രീവിധ്യയുമെല്ലാം തകർത്തഭിനയിച്ച ആ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഇളയരാജയും ഗാനങ്ങളാലപിച്ചവരും ആ അനുഭവത്തിന്റെ മാറ്റ് കൂട്ടി.
കർണ്ണന്റെ കാഴ്ചപ്പാടിൽ നിന്ന് കാണ്‌വാനുള്ള എന്റെ അന്യോഷണമാണ്‌ പി. കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ ” എന്ന ഉത്ക്രഷ്ടമായ കൃതിയെ എന്റെ വിഷ് ലിസ്റ്റിലെത്തിച്ചത്. ലളിതവും മനോഹരവുമായ ആഖ്യാന ശൈലിയിലൂടെ കൗരവ പക്ഷത്തെ മുൻനിറുത്തി, അവരുടെ യുദ്ധസന്നാഹങ്ങളും ചേതനകളും മനോവിചാരങ്ങളും എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വാക്ക് പാലിക്കുന്ന കർണ്ണൻ, ദാന ധർമ്മിയായ കർണ്ണൻ, ഉദാരമതിയായ കർണ്ണൻ തുടങ്ങിയ ചിന്തകൾക്ക് ചിറക് മുളക്കുമെന്നതിൽ സംശയം വേണ്ട. കവചകുണ്ഠലങ്ങൾ ഐരാവതവാഹനന്‌, തന്റെ നാശമുറപ്പിച്ച് കൊണ്ട് ചോദിക്കുമ്പോൾപ്പോലും നല്കുന്ന കർണ്ണൻ എന്ന വ്യക്തിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൃതി കഥാപാത്രങ്ങളെ അമാനുഷിക വീരന്മാരെന്നതിനു പകരം മാനുഷികമായി നോക്കിക്കാണുന്നു. മഹാഭാരതമെന്ന ഇതിഹാസത്തെ നോവലിലേക്ക് പറിച്ച് നടുമ്പോളുണ്ടാകാനിടയുള്ള അപചയങ്ങളൊന്നുമിതിൽ വന്ന് ഭവിച്ചിട്ടില്ല. എം ടിയുടെ രണ്ടാമൂഴത്തെക്കാളും ഇത് മികച്ച് നില്ക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. അത് കഥാപാത്ര വിന്യാസത്തിലാണേങ്കിലും ശൈലിയിലാണെങ്കിലും ഉദ്ദീപിക്കുന്ന ചിന്തകളുടെ കാര്യത്തിലാണെങ്കിലും. അതിഭാവുകത്വമൊന്നും കലരാതെ എഴുത്തുകാരൻ വിന്യസിച്ചിട്ടുണ്ട്.
74ൽ സഹിത്യ അക്കാദമി പുരസ്കാരവും 78ൽ വയലാർ രാമവർമ്മ പുരസ്കാരവും ഏറ്റ് വാങ്ങിയ ഈ കൃതി ഉത്കൃഷ്ടവും മരിക്കുന്നതിനു മുൻപ് തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള നോവലുമാണ്‌. നിത്യജീവിതത്തിൽ കടന്നു വരാത്ത ഒട്ടനവധി വാക്കുകളുടെ ബാഹുല്യം കൊണ്ട് വായന ഇടയ്ക്ക് മുറിയുമെങ്കിലും അദ്വിതീയമായ ഒരു വായനാനുഭവം തന്ന കൃതിയാണിത്. കർണ്ണന്റെ ജീവിതം എന്ന് അറിയപ്പെടുമെങ്കിലും ഇത് ദ്രൗപതിയുടെ വേദനയുടെ കഥ കൂടിയാണ്. ഭാരതീയ ഇതിഹാസങ്ങൾക്ക് പുതിയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തിനും പതിറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ട ഈ കൃതിയുടെ പ്രൗഡി പ്രശംസനീയമാണ് . മഹാഭാരതത്തെ ആധാരമാക്കി മലയാളത്തിൽ രചിക്കപ്പെട്ട രണ്ട് നോവലുകൾ - "രണ്ടാമൂഴ"വും "ഇനി ഞാൻ ഉറങ്ങട്ടെ"യും, കർണ്ണാർജ്ജുനന്മാരെപ്പോലെ സമാസമം വിളങ്ങും അനുവാചക ഹൃദയങ്ങളിൽ.

രണ്ടാമൂഴം.- പുസ്തകപരിചയം

തകരുന്ന തറവാടുകളുടെ തേങ്ങലുകളുടെയും ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെടുന്ന മനുഷ്യൻറെ നെടുവീർപ്പുകളുടെയും എക്കാലത്തേയും മികച്ച കാഥികനാണ് മലയാളത്തിൻറെ പ്രിയപ്പെട്ട എം .ടി. അദ്ദേഹത്തിൻറെ മാസ്റ്റർപീസ് എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന രണ്ടാമൂഴവും ഒരു തറവാടിൻറെ തകർച്ചയുടെ കഥയാണ്- ദശാബ്ദങ്ങൾ നീണ്ട കുടുംബകലഹം തകർക്കുന്ന കുരുവംശം എന്ന തറവാടിൻറെ കഥ.ആ കഥ പറയാൻ അദ്ദേഹം തിരഞ്ഞെടുകുന്നതാകട്ടെ ആത്മനൊമ്പരങ്ങൾ ഉള്ളിലൊതുക്കുന്ന ഭീമൻ എന്ന യോദ്ധാവിനെയും.

“സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിൻറെ ഗാഥകൾ നമ്മുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം." - ഈ വാക്കുകളാൽ തന്നെത്തന്നെ ഒരു സൂതനായി അവരോധിച്ചു കൊണ്ടാണ് എം ടി കഥ ആരംഭിക്കുന്നത്. എന്നാൽ ആദ്യ ആദ്ധ്യായത്തിന് ശേഷം കേന്ദ്ര കഥാപാത്രത്തിൻറെ അന്തസഘർഷങ്ങൾ അവതരിപ്പിക്കാൻ ഒരുപക്ഷെ ഏറ്റവും ഉതകുന്ന FirstPerson-ൽ ഉള്ള ആഖ്യാന രീതിയിലേക്ക് കഥ വഴിമാറുന്നു. പിന്നിടങ്ങോട്ട് കഥാഖ്യാതാവ് ഭീമൻ തന്നെയാണ്.

വായു പുത്രനെന്നു പുകൾപ്പെറ്റ് പാണ്ഡുപുത്രനെന്ന മേൽവിലാസത്തിൽ അഞ്ച് വയസ്സായ ഒരുണ്ണി ഹസ്തിനപുര രാജധാനിയിൽ എത്തുമ്പോഴേക്കും സംഭവിക്കാനിരിക്കുന്ന മഹായുദ്ധത്തിൻറെ കഥകൾ അവന് ഒരു കൂട്ടം ശത്രുക്കളെ നേടികൊടുത്തിരുന്നു .തുടർന്ന് കൊണ്ടും കൊടുത്തും വളരുന്ന ബാല്യം ,ഷണ്ഡൻപാണ്ഡുവിൻറെ മകൻ എന്ന വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന കൌമാരം, ശക്തനായി മാറുന്ന യൗവനം,മഹാ യുദ്ധം ജയിക്കുന്ന മധ്യവയസ്സ് , കാടു കയറുന്ന വാർദ്ധക്യം - എല്ലാം വാക്കുകളാലുള്ള ഒരു മായാജാലം പോലെ വായനക്കാരന് മുന്നിൽ ഇതൾ വിരിയുന്നു .എന്നാൽ രണ്ടാമൂഴം വടക്കെന്നോ നടന്ന മറ്റൊരു വീരഗാഥ അല്ല;അത് നാമോരുരുത്തരുടെയും കഥയാണ് . വിശ്വസവഞ്ചനയുടെ പ്രമാണകോടികളും അപമാനിക്കപെടുന്ന ദ്യൂതസഭകളും കഷ്ടതകളുടെ അജ്ഞാതവാസവും ജയിക്കേണ്ട കുരുക്ഷേത്രങ്ങളും ഏവരുടെയും ജീവിതത്തിൽ തീവ്രതയുടെ ഏറ്റകുറച്ചിലുകളോടെ കടന്നു വരുന്നു .

രണ്ടാമൂഴത്തിൻറെ ഏറ്റവും മഹത്തായ വിജയം അത് വായനക്കാരനെ ചിന്തിക്കാൻ പ്രോഹത്സാഹിപ്പിക്കുന്നു എന്നിടത്താണ്. ആസ്വാദക മനസ്സുകകളെ ഉദ്ദീപിപ്പിക്കുകയും മനസാക്ഷിക്ക് നേരെ ചോദ്യങ്ങൾ എറിയുകയും ചെയുന്ന കഥാസന്ദർഭങ്ങൾ നോവലിൽ ഉടനീളം കാണാം. സവർണ അധീശത്വം നില നിന്നിരുന്ന ഒരു സമൂഹത്തിലെ ജീർണതയുടെ അനുരണനങ്ങൾ ഏകലവ്യനിലും, അരക്കില്ലത്തിൽ വെന്തു മരിക്കുന്ന കാട്ടാളരിലും, ഖാണ്ഡവ ദഹനത്തിൽ കുടിയിറക്കപ്പെടുന്ന നാഗന്മാരിലും, കുരുതി കൊടുക്കപ്പെടുന്ന ഘടോൽക്കച്ചനിലും തെളിഞ്ഞു വരുന്നു . ഗാന്ധരിയുടെയും കുന്തിയുടെയും ദ്രൗപദിയുടെയും വാക്കുകളിലൂടെ, ഹിഡിംബിയുടെയും ബലനന്ധരയുടെയും ജീവിതത്തിലൂടെ ആർഷഭാരത സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന തിരസ്കരണത്തിൻറെ മുഖം അനാവൃതം ആകുന്നു.എന്നാൽ പാഥേയപൊതികളും പണയപ്പണ്ടങ്ങളും സർവംസഹകളും മാത്രമായിരുന്നില്ല കുരുവംശത്തിലെ സ്ത്രീകളെന്നും ഭരതവംശത്തിൻറെ ചരിത്രത്തിലെ നിർണായക വഴിതിരുവുകൾക്ക് പിന്നിൽ പ്രവർത്തിച്ച അദൃശ്യകരങ്ങൾ അവുരുടേതായിരുന്നു എന്നും കഥയിൽ പലപ്പോഴായി കുന്തിയിലൂടെയും ദ്രൗപദിയിലുടെയും വരച്ചു കാണിക്കപെടുന്നു.

ചിലപോഴെങ്കിലും ഭീമനെ ന്യയീകരിക്കുന്നതിനായി എം ടി മഹാഭാരതത്തോട് നീതി പുലർത്താത്തതായി തോന്നാം.എന്നാൽ വാക്കുകളുടെ മാസ്മരികതയാലും വാദഗതികളുടെ ശക്തി കൊണ്ടും എം ടി സ്വയം പ്രതിരോധിക്കുന്നു. കാലങ്ങളായി മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ചന്തുവിൻറെ പ്രതിച്ഛായ മാറ്റി വരച്ച കഥാകൃത്തിന് ഭീമനെ ന്യായികരിക്കാൻ അധികമൊന്നും പ്രയത്നിക്കേണ്ടി വന്നിട്ടില്ല. മൂലകഥയിൽ നിന്ന് വ്യതിചലിക്കുന്നിടത്ത് പുരാണ കഥകളിലെ ദിവ്യത്വത്തിൻറെ ചട്ടക്കൂടുകളെ ഉടച്ചു വാർക്കുന്ന demythologization, യാഥാർത്ഥ്യം ദുരന്തമായി വെളിപ്പെടുന്ന anagnorisis എന്നീ രചനാസാങ്കേതങ്ങൾ സമർത്ഥമായി തന്നെ എം ടി ഉപയോഗിച്ചിരിക്കുന്നു.

നോവലിന് അനുബന്ധം ആയി എഴുതിയ ഫലശ്രുതിയിൽ "പിന്നിട് വരുന്നവർക്കായി" വ്യാസൻ വിട്ടു വച്ച അർത്ഥ പൂർണ്ണമായ നിശബ്ദതകൾ ആണ് താൻ പൂരിപ്പിക്കാൻ ശ്രമിച്ചത് എന്ന് പറയുന്നു കഥാകൃത്ത്. രണ്ടാമൂഴം വായിച്ചു കഴിയുന്ന അനുവചകൻ ആഗ്രഹിച്ച് പോകുന്നു - എം ടി യെ പോലെ പിന്നിട് വരുന്നവർ ഉണ്ടാകട്ടെ എന്ന്..."കുരുവംശത്തിൻറെ ഗാഥകൾ" അവരിനിയും പാടട്ടെ എന്ന്.......

ആടുജീവിതം - പുസ്തകപരിചയം

"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് "
ഈ നോവല്‍ വായിക്കുമ്പോള്‍ ഒരിക്കലും ഇതൊരു കഥ ആയി തോന്നിയതെ ഇല്ല. കണ്മുമ്പില്‍ ഒരു ജീവിതം തന്നെ കാണുക ആയിരുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും പരാതിയും പരിഭവവും പറഞ്ഞു നടക്കുന്ന നമ്മളില്‍ പലര്‍ക്കും നജീബ്ഇന്റെ ജീവിതം ഒരു പാഠമാണ്. ജീവിത ഗ്രന്ഥി ആയ ഇങ്ങനെ ഒരു കഥ പറഞ്ഞു തന്ന ബെന്യാമിന് നന്ദി. പല ഇടങ്ങളിലും നജീബ് ഇന്റെ വേദനിപികുന്ന ജീവിതാനുഭവങ്ങള്‍ വായിക്കുമ്പോള്‍ വായന മുന്‍പോട്ടു കൊണ്ടുപോകാന്‍ പോലും ബുദ്ധിമുട്ട് തോന്നി. വളരെ ലളിതമായ ഭാഷയില്‍ ആണ് ബെന്യാമിന്‍ നജീബിന്റെ ദുഖങ്ങളെയും, പ്രാര്‍ഥനകളെയും, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും, സഹനത്തെയും നോവലില്‍ അവിഷ്കരിചിട്ടുല്ലത്. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെ. ഏതു മനുഷ്യന്റെ ജീവിതത്തിലും അദൃശ്യമോ ദൃശ്യമോ ആയ മൂന്നാമതൊരാളുടെ സാന്നിധ്യം ഉണ്ട് എന്നതിന് എനിക്ക് തര്ക്കം ഇല്ലാത്തതുകൊണ്ട് അവിശ്വാസ യോഗ്യമായ ഒന്നും ഇതിൽ എനിക്ക് തോന്നിയില്ല ....പക്ഷെ എല്ലാം സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ ഇനി ഒരിക്കൽ കൂടി എന്നെക്കൊണ്ടിതു വായിക്കാൻ ആവില്ല.....ക്രൂരതയുടെ മൂര്ധന്യതയിൽ എവിടെയോ വായന ഉപേക്ഷിച്ചു ഞാൻ കുറച്ചു സമയം മിണ്ടാതിരുന്നു...... വര്ഷങ്ങള്ക്ക് ശേഷം നജീബിന്റെ ശബ്ദം കേട്ട സൈനുവിനൊപ്പം ഞാനും പൊട്ടിക്കരഞ്ഞു .....പ്രിയ ബെന്യാമിൻ ,ഈ മരുഭൂമിക്കഥ മനസ്സിൽനിന്നും മായില്ല എന്നതുകൊണ്ട്‌ തന്നെ നിങ്ങളും എപ്പോളും ഒര്ക്കപ്പെടും,

Tuesday, 7 February 2017

നീ ....

കേൾക്കാൻ കൊതിച്ച കഥയിലെ പറക്കാൻ ചിറക് മുളപ്പിച്ചുതന്ന നീലാകാശത്തിൻ  ഒരു കഷ്ണം നീയാണ്..ഒടുക്കം എന്‍റെ പക്ഷം തളർന്നപ്പോ ജീവനോടെ അരിഞ്ഞു എന്നെ ഞാനല്ലാതാക്കിയതും  നീ തന്നെയാണ്..

മഴ

അവൾ ഒരു മഴപോലെയാണ്  ചിലപ്പോ ഒന്നും പറയാതെ വന്നു കുളിരണിയിച് യാത്രപോലും പറയാതെ പൊയ്കളയും...

അവൾ .....