Wednesday, 8 February 2017

ഇനി ഞാൻ ഉറങ്ങട്ടെ..- പുസ്തകപരിചയം

മഹാഭാരത കഥ ഒരു ഉത്ക്രഷ്ട സാഹിത്യ കൃതിയാണ്‌. കൗരവപാണ്ഡവ വീരന്മാരിലെ പല പ്രമുഖരെയും നായകരാക്കി പല പ്രമുഖരും മനോഹരമായ രചനകളും മറ്റ് കലാസൃഷ്ടികളും തീർത്തിട്ടുണ്ട്. എന്തിന്‌ സിനിമക്ക് പോലും പശ്ചാത്തലമായിട്ടുണ്ട്. ഞാൻ പറഞ്ഞ് വരുന്നത് പുരാണ സിനിമ എന്ന പേരു ചൊല്ലി വിളിക്കുന്ന വിരസമായ വിഭാഗത്തെയല്ല. കൗന്തേയനായ കർണ്ണൻ അത്തരത്തിലൊരു ജ്വലിച്ച് നില്ക്കുന്ന കഥാപാത്രമാണ്‌. കുരുക്ഷേത്ര യുദ്ധത്തെ അവന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് ധർമ്മാധർമ്മ ചിന്തകൾക്ക് മറ്റൊരു മാനം തരും. അത്തരത്തിൽ ഒരു ചിന്ത എനിക്ക് തോന്നിയത് തമിഴിലെ പ്രശസ്ത സംവിധായകനായ മണി രത്നത്തിന്റെ “തലപതി” കണ്ട ശേഷമാണ്‌. മമ്മുട്ടിയും രജനീകാന്തും ശോഭനയും ശ്രീവിധ്യയുമെല്ലാം തകർത്തഭിനയിച്ച ആ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഇളയരാജയും ഗാനങ്ങളാലപിച്ചവരും ആ അനുഭവത്തിന്റെ മാറ്റ് കൂട്ടി.
കർണ്ണന്റെ കാഴ്ചപ്പാടിൽ നിന്ന് കാണ്‌വാനുള്ള എന്റെ അന്യോഷണമാണ്‌ പി. കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ ” എന്ന ഉത്ക്രഷ്ടമായ കൃതിയെ എന്റെ വിഷ് ലിസ്റ്റിലെത്തിച്ചത്. ലളിതവും മനോഹരവുമായ ആഖ്യാന ശൈലിയിലൂടെ കൗരവ പക്ഷത്തെ മുൻനിറുത്തി, അവരുടെ യുദ്ധസന്നാഹങ്ങളും ചേതനകളും മനോവിചാരങ്ങളും എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വാക്ക് പാലിക്കുന്ന കർണ്ണൻ, ദാന ധർമ്മിയായ കർണ്ണൻ, ഉദാരമതിയായ കർണ്ണൻ തുടങ്ങിയ ചിന്തകൾക്ക് ചിറക് മുളക്കുമെന്നതിൽ സംശയം വേണ്ട. കവചകുണ്ഠലങ്ങൾ ഐരാവതവാഹനന്‌, തന്റെ നാശമുറപ്പിച്ച് കൊണ്ട് ചോദിക്കുമ്പോൾപ്പോലും നല്കുന്ന കർണ്ണൻ എന്ന വ്യക്തിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൃതി കഥാപാത്രങ്ങളെ അമാനുഷിക വീരന്മാരെന്നതിനു പകരം മാനുഷികമായി നോക്കിക്കാണുന്നു. മഹാഭാരതമെന്ന ഇതിഹാസത്തെ നോവലിലേക്ക് പറിച്ച് നടുമ്പോളുണ്ടാകാനിടയുള്ള അപചയങ്ങളൊന്നുമിതിൽ വന്ന് ഭവിച്ചിട്ടില്ല. എം ടിയുടെ രണ്ടാമൂഴത്തെക്കാളും ഇത് മികച്ച് നില്ക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. അത് കഥാപാത്ര വിന്യാസത്തിലാണേങ്കിലും ശൈലിയിലാണെങ്കിലും ഉദ്ദീപിക്കുന്ന ചിന്തകളുടെ കാര്യത്തിലാണെങ്കിലും. അതിഭാവുകത്വമൊന്നും കലരാതെ എഴുത്തുകാരൻ വിന്യസിച്ചിട്ടുണ്ട്.
74ൽ സഹിത്യ അക്കാദമി പുരസ്കാരവും 78ൽ വയലാർ രാമവർമ്മ പുരസ്കാരവും ഏറ്റ് വാങ്ങിയ ഈ കൃതി ഉത്കൃഷ്ടവും മരിക്കുന്നതിനു മുൻപ് തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള നോവലുമാണ്‌. നിത്യജീവിതത്തിൽ കടന്നു വരാത്ത ഒട്ടനവധി വാക്കുകളുടെ ബാഹുല്യം കൊണ്ട് വായന ഇടയ്ക്ക് മുറിയുമെങ്കിലും അദ്വിതീയമായ ഒരു വായനാനുഭവം തന്ന കൃതിയാണിത്. കർണ്ണന്റെ ജീവിതം എന്ന് അറിയപ്പെടുമെങ്കിലും ഇത് ദ്രൗപതിയുടെ വേദനയുടെ കഥ കൂടിയാണ്. ഭാരതീയ ഇതിഹാസങ്ങൾക്ക് പുതിയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തിനും പതിറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ട ഈ കൃതിയുടെ പ്രൗഡി പ്രശംസനീയമാണ് . മഹാഭാരതത്തെ ആധാരമാക്കി മലയാളത്തിൽ രചിക്കപ്പെട്ട രണ്ട് നോവലുകൾ - "രണ്ടാമൂഴ"വും "ഇനി ഞാൻ ഉറങ്ങട്ടെ"യും, കർണ്ണാർജ്ജുനന്മാരെപ്പോലെ സമാസമം വിളങ്ങും അനുവാചക ഹൃദയങ്ങളിൽ.

No comments:

Post a Comment