Friday, 15 September 2017

ഇന്ദുലേഖയും ചന്തുമേനോനും

ഇന്ദുലേഖയും ചന്തുമേനോനും'

ചന്തുമേനോന്‍ തന്റെ ഭാര്യ ലക്ഷ്മിയമ്മയ്ക്ക് വായിച്ചു രസിക്കാനായിരുന്നു ഇന്ദുലേഖ രചിച്ചത്. സാഹിത്യത്തില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം നിരവധി ഇംഗ്ലീഷ് നോവലുകള്‍ വായിക്കുമായിരുന്നു. കഥകളില്‍ അതീവ തല്പരയായിരുന്ന ലക്ഷ്മിയമ്മയ്ക്ക് ചന്തുമേനോന്‍ നോവല്‍ കഥ പറഞ്ഞു കൊടുത്തു. എന്നാല്‍ അതൊന്നും അവര്‍ക്ക് അത്ര രസിച്ചില്ല. കാരണം, ഇംഗ്ലീഷ് നോവലുകളിലെ കഥകളെല്ലാം പാശ്ചാത്യ നാടുകളുടെ പശ്ചാത്തലത്തിലായിരുന്നു. നമ്മുടെ നാടിന്റെ മണമുള്ള കഥവേണമെന്ന ലക്ഷ്മിയമ്മയുടെ ആഗ്രഹത്തില്‍ നിന്നാണ് ചന്തുമേനോന്‍ ‘ഇന്ദുലേഖ’യുടെ എഴുത്താരംഭിക്കുന്നത്. ഭാര്യയ്ക്ക് വായിച്ചു രസിക്കാനൊരു കഥ എന്നതിലുപരി ചന്തുമേനോന്റെ നോവല്‍ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ കൂടി പ്രതിപാദിക്കുന്നതാണ്.

125 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങളില്‍ നിലനിന്നിരുന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥകളെ നോവലില്‍ വിവരിക്കുന്നുണ്ട്. അതിനാല്‍ അക്കാലത്തെക്കുറിച്ചുള്ള ചരിത്രപരമായ അറിവുകള്‍ കൂടി ഇന്ദുലേഖ സമ്മാനിക്കുന്നുണ്ട്. ‘ഇംഗ്ലീഷ് നോവല്‍ മാതിരി എഴുതപ്പെട്ടിട്ടുള്ള ഒരു കഥ’ എന്നാണ് നോവലിന്റെ തുടക്കത്തില്‍ എഴുതിയിരിക്കുന്നത്. അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളു. കാരണം, മലയാളത്തില്‍ മാതൃകയായി സ്വീകരിക്കാന്‍ അത്തരത്തിലൊന്ന് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് നോവലിന്റെ എഴുത്തു ശൈലി മാതൃകയാക്കുക മാത്രമായിരുന്നു ചന്തുമേനോന് മുന്നിലുണ്ടായിരുന്ന വഴി. മലയാളത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയും ഇത്രയധികം കോപ്പികള്‍ വില്‍ക്കുകയും ചെയ്ത മറ്റൊരു കൃതി ഉണ്ടായിട്ടില്ല.

1889 മുതല്‍ 1981വരെയുള്ള ഘട്ടത്തില്‍ 63 പതിപ്പുകള്‍ ഇറങ്ങി. ഒരുലക്ഷത്തിലധികം കോപ്പികള്‍ വായനക്കാരന്റെ കൈകളിലെത്തുകയും ചെയ്തു. പിന്നീടിങ്ങോട്ട് അരലക്ഷത്തിലധികം കോപ്പികളുണ്ടായി. കഴിഞ്ഞ കുറേനാളുകളായി വിവിധ ക്ലാസ്സുകളിലെ പാഠപുസ്തകം കൂടിയാണ് ‘ഇന്ദുലേഖ’. നായര്‍, നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.

എന്നാല്‍ ഇന്ദുലേഖ നേടിയ ജനപ്രീതി മറ്റു നോവലുകള്‍ക്കുണ്ടായില്ല. മലയാള സാഹിത്യ ചരിത്രത്തില്‍ തങ്കലിപികളില്‍ ഇന്ദുലേഖ എന്ന നോവല്‍ കുറിച്ചിടുമ്പോള്‍ അതിനേക്കാള്‍ പ്രാധാന്യമാണ് ചന്തുമേനോനുള്ളത്. 1847 ജനുവരിയില്‍ മലബാറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഴയ കുറുമ്പ്രനാട് താലൂക്കിലെ നെടുവണ്ണൂരില്‍ നായര്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ ചെറിയ സ്ഥാനത്തു നിന്ന് തുടങ്ങി ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണ്. സംസ്‌കൃതത്തില്‍ പ്രാഥമിക പഠനം നടത്തിയതിനു ശേഷമാണ് അദ്ദേഹം സ്‌കൂളില്‍ ചേര്‍ന്നത്. അണ്‍കവനന്റഡ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച് മട്രിക്കുലേഷനു പഠിച്ചു തുടങ്ങിയ അദ്ദേഹത്തിനു 1864 ല്‍ കോടതിയില്‍ ഗുമസ്തനായി ജോലികിട്ടി. മലബാര്‍ മാനുവലിന്റെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ കളക്ടര്‍ ലോഗന്‍ 1867 ല്‍ ചന്തുമേനോനെ സബ് കളക്ടറാഫീസില്‍ ഗുമസ്തനായി നിയമിച്ചു. പിന്നീട് മുന്‍സിഫായി പല മലബാര്‍ കോടതികളിലും സേവനം അനുഷ്ഠിച്ചതിനുശേഷം 1892 ല്‍ കോഴിക്കോട് സബ് ജഡ്ജിയായി.

ചെറിയ കോടതിയില്‍ താഴ്ന്ന നിലയില്‍ ഗുമസ്തനായശേഷം പല പടവുകള്‍ കയറിയാണ് ജില്ലാ ജഡ്ജിപദവിയില്‍വരെയെത്തിയത്. ഔദ്യോഗിക ജീവിതത്തിനിടയിലും സാഹിത്യ തല്പരനായിരുന്ന ചന്തുമേനോന്‍ നിരവധി ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചു. ആ വായനയില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമാണ് ‘ഇന്ദുലേഖ’യിലേക്കുള്ള പ്രേരണയായത്. കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ തുടങ്ങിയവരടങ്ങുന്ന സമ്പന്നമായ സുഹൃദ് വലയമാണ് ചന്തുമേനോനുണ്ടായിരുന്നത്. വലിയ കോയിത്തമ്പുരാന്റെ ‘മയൂരസന്ദേശ’ത്തിന്റെ ആദ്യപതിപ്പ് മംഗലാപുരം ബാസല്‍ മിഷന്‍ പ്രസില്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയത് ചന്തുമേനോനാണ്. ചന്തുമേനോന്റെ രണ്ടാമത്തെ നോവലായ ‘ശാരദ’ യുടെ ഒന്നാം ഭാഗം 1892 ല്‍ പ്രസിദ്ധീകൃതമായെങ്കിലും അതു പൂര്‍ണമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലബാര്‍ കളക്ടറായിരുന്ന ഡ്യൂമെര്‍ഗ് 1891 ല്‍ ‘ഇന്ദുലേഖ’ ഇംഗഌഷിലേക്ക് വിവര്‍ത്തനം ചെയ്തു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതം എല്ലാ വൈവിധ്യങ്ങളോടും കൂടി നില്‍ക്കുകയാണ് ‘ഇന്ദുലേഖ’ യിലും ‘ശാരദ’ യിലും. സാമൂഹിക വിമര്‍ശനപരമായ ആക്ഷേപ ഹാസ്യം രണ്ടു നോവലുകള്‍ക്കും പ്രസാദാത്മകത നല്‍കുന്നു. രണ്ടു മാസം കൊണ്ടാണ് ചന്തുമേനോന്‍ ഇന്ദുലേഖ എഴുതി തീര്‍ത്തത്. അക്കാലത്ത് കേരളത്തില്‍ നോവല്‍സാഹിത്യത്തിനതുടക്കമായിരുന്നില്ല. ഇംഗ്ലീഷുകാര്‍ മാത്രം പരിചയിച്ച ശൈലി മലയാളി വായനക്കാരെ പരിചയപ്പെടുത്തുന്നത് ശ്രമകരമായിരുന്നു. പാശ്ചാത്യരാജ്യത്ത് അവിടുത്തെ ജീവിതരീതിയും സാമൂഹ്യസമ്പ്രദായങ്ങളും അനുസരിച്ച് എഴുതി വളര്‍ന്ന നോവല്‍ സാഹിത്യത്തെ, ആ ശാഖയെക്കുറിച്ച് ഒന്നും അറിയാത്ത ജനങ്ങളില്‍ സന്നിവേശിപ്പിക്കുക എന്നത് ക്ലേശകരമായ ഒരു അവസ്ഥയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് നോവലിലെ കഥ നടക്കുന്നത്. തനി പ്രണയ കഥയാണ് പറയുന്നതെങ്കിലും അന്നത്തെ സാമൂഹ്യ പശ്ചാത്തലം വിവരിക്കുമ്പോള്‍ ബ്രിട്ടീഷ് ഭരണത്തെ കുറിച്ചും പറയാതിരിക്കാന്‍ കഴില്ല. അന്ന് സ്വാതന്ത്ര്യ പ്രസ്ഥാനം ഭാരതത്തിലാകെ സജീവമായിരുന്നു. എന്നാല്‍ അതേക്കുറിച്ച് അനുകൂലമായി പ്രതിപാദിക്കുന്നത് ബ്രിട്ടീഷുകാരില്‍ അതൃപ്തിക്കിടവരുത്തുമെന്ന തോന്നല്‍ ചന്തുമേനോന് ഉണ്ടായിരുന്നിരിക്കണം. അതിനാല്‍ ഒരധ്യായത്തില്‍ മാത്രം ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും പറഞ്ഞു പോകുക മാത്രം ചെയ്യുന്നു. നായകകഥാപാത്രമായ മാധവനും മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരും, കുടുംബത്തിലെ ഒരംഗമായ ഗോവിന്ദമേനവനും നടത്തുന്ന സംവാദത്തിലൂടെയാണ് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് വിവരിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഭാരതം ഭരിക്കണമെന്നാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ള മാധവന്റെ ആഗ്രഹം. മാധവനും ഇന്ദുലേഖയും തമ്മിലുള്ള പ്രണയവും പ്രണയ നഷ്ടവും സൂരി നമ്പൂതിരിയുടെ ഇന്ദുലേഖയെ സ്വന്തമാക്കാനുള്ള തന്ത്രവുമെല്ലാമാണ് നോവലിലുള്ളത്.

ഇന്നത്തെ വായനയില്‍ ഒരു സാധാരണ പൈങ്കിളി നോവലിലെ കഥ മാത്രം. എന്നാല്‍ ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നൊരു കഥ നോവലായി വന്നു എന്നതാണ് പ്രസക്തവും ഇന്ദുലേഖയെ ശ്രേഷ്ഠവുമാക്കുന്നത്. കേരളത്തിലെ സവര്‍ണ്ണ സമുദായത്തിന്റെ അക്കാലത്തെ ദുഷ്‌ചെയ്തികളും അവരിലന്തര്‍ലീനമായിരുന്ന സവര്‍ണ്ണ ബോധവുമാണ് നോവലില്‍ കഥയ്‌ക്കൊപ്പം വിശകലനം ചെയ്യപ്പെടുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് വളരെ ആഴത്തില്‍ നോവല്‍ ചര്‍ച്ച ചെയ്യുന്നു. ജന്മി, നാടുവാഴി ഭൂപ്രഭുത്വം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ അതിശക്തമായി ഭൂപ്രഭുത്വത്തിന്റെ ചെയ്തികളെ വിമര്‍ശിക്കുന്നതിന് അസാമാന്യമായൊരു കരളുറപ്പ് ആവശ്യമാണ്. തന്റേടിയായിരുന്ന ചന്തുമേനോന് അതുണ്ടായിരുന്നു. സവര്‍ണ്ണ സമുദായത്തിലെ അനാചാരങ്ങളെ കണക്കറ്റ് വിമര്‍ശിച്ചിരുന്ന അദ്ദേഹം നോവലിലും ആ ശൈലി അവലംബിക്കുന്നുണ്ട്.

നമ്പൂതിരിമാരും നായര്‍ സ്ത്രീകളും തമ്മില്‍ വിവാഹം നടന്നിരുന്ന കാലമായിരുന്നു അത്. എന്നാല്‍ അതുപക്ഷേ, പലപ്പോഴും നമ്പൂതിരിമാരുടെ നേരമ്പോക്കായിരുന്നു. സംബന്ധ വിവാഹം എന്നാണ് അതറിയപ്പെട്ടിരുന്നത്. ഇതൊക്കെ സമുദായത്തിലെ തെറ്റായ സമ്പ്രദായങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. സമൂഹത്തിന്റെ അനാചാരങ്ങളില്‍ നിന്നുള്ള മോചനത്തിന് നല്ല വിദ്യാഭ്യാസമുള്ള ജനതയുണ്ടാകണമെന്നാണ് ചന്തുമേനോന്‍ വിശ്വസിച്ചത്. അതിനാല്‍ ഇന്ദുലേഖയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നു. ഭാര്യയ്ക്ക് വായിച്ചു രസിക്കാനായി ഒരു നോവലെഴുതുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും ആയുധമായി എഴുത്തിനെ മാറ്റാമെന്ന ബോധമുണ്ടായിരുന്നു. ഇന്ദുലേഖയിലൂടെ അദ്ദേഹം അതു സാധിച്ചെടുത്തെന്ന് പൂര്‍ണ്ണമായി പറയാനാകില്ലെങ്കിലും അതിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിരുന്നു ഇന്ദുലേഖ

Ellora Caves

Ellora Caves

Ellora caves are beyond the limits of words and a human imagination, but when you are at Ellora, you have to re-think about the power of being human. Those caves give you a clear thought that a human creature can do anything at any point of time in history and become an inspiration of its future generations.
These 34 monasteries and temples, extending over more than 2 km, were dug side by side in the wall of a high basalt cliff, not far from Aurangabad, in Maharashtra. Ellora, with its uninterrupted sequence of monuments dating from A.D. 600 to 1000, brings the civilization of ancient India to life. Not only is the Ellora complex a unique artistic creation and a technological exploit but, with its sanctuaries devoted to Buddhism, Hinduism and Jainism, it illustrates the spirit of tolerance that was characteristic of ancient India.

Tuesday, 5 September 2017

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു

ചെറിയ വാക്കുകളിൽ വലിയ സന്ദേശം നൽകിയ ഗുരു, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ കാലോചിതമായരീതിയിൽ ഭാവിയെ മുന്നിൽ കണ്ടു നേതൃത്വംനൽകിയ നായകൻ,വിദ്യയാണ് ധനം എന്ന് പറയുകയും പഠിപ്പിക്കുകയും ഇന്നെത്തെസാക്ഷരകേരളത്തിന് അടിത്തറയിട്ട ഗുരു, ഒരു ജാതി ഒരു മതം ഒരു ദൈവമാണ് മനുഷ്യനാവശ്യം എന്ന് ലോകത്തിന് മനസ്സിലാക്കികൊടുത്ത മഹാൻ,

ശ്രീനാരയണ ഗുരുവിനെ ഗുരുദേവനാക്കാതെ, ചില്ലുക്കൂട്ടിൽ പ്രതിഷ്ഠിച്ച് പൂജിക്കാതെ, ഗുരു നൽകിയ സന്ദേശങ്ങൾ പഠിപ്പിച്ച് പ്രാവർത്തിക്കമാക്കുകയും വരും തലമുറയെ ഗുരുവിനെ കൂടുതൽ അറിയാൻ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.

പാശ്ചാത്യർ ഗുരു സന്ദേശങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്ന ഈ സമയത്ത് സമകാനീന രാഷട്രിയത്തിൽ ഏറ്റവും പ്രയോഗിക മായ ഗുരു സന്ദേങ്ങൾ പ്രചരിപ്പിക്കേണ്ട പിൻ തലമുറ ഇന്ന് ഗുരുവിൽ നിന്നും ഗുരു സന്ദേശങ്ങളിൽ  നിന്നും മാറി പിൻതിരിഞ്ഞു സഞ്ചരിക്കുന്നതുപോലെ തോന്നുന്നു.

ഗുരുദേവനെയല്ല ജാതി മത ചിന്തകൾക്കതീധമായി മനിഷ്യ ഹൃദയങ്ങളെ തൊട്ടറിഞ്ഞ മഹാഗുരുവായ ശ്രീനാരയണനെയാണ് ഇന്നെത്തെ ലോകത്തിനാവശ്യം.

Monday, 4 September 2017

അധ്യാപകദിനം

തസ്‌മൈ_ശ്രീ_ഗുരവേ_നമ:

ഇന്ന്_ലോക_അധ്യാപക_ദിനം

ഗുരു ഈശ്വരനാണെന്നാണ് ഭാരതം പഠിപ്പിച്ചത്. ജ്ഞാനത്തിന്റെ പ്രകാശം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈശ്വരന്‍. അന്ധകാരത്തെ നശിപ്പിക്കുന്ന വെളിച്ചത്തിന്റെ ഈശ്വരനായി തിളങ്ങണം ഓരോ അധ്യാപകനും. ജ്ഞാനസൂര്യനായിമാറാനുള്ള പ്രതിജ്ഞയാകണം ഈ അധ്യാപക ദിനത്തില്‍ ഓരോ അധ്യാപകനും ചൊല്ലേണ്ടത്. അങ്ങനെയായി മാറാനുള്ള ശ്രമവും ആരംഭിക്കണം. ശിഷ്യന്മാര്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിച്ച് നല്ല ജീവിതം സമ്മാനിച്ച ഗുരുപരമ്പരകള്‍ക്ക് പ്രണാമം അര്‍പ്പിക്കാം.

ഗുരുവിനെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന സംസ്‌കാരത്തിനുടമകളാണ് ഭാരതീയര്‍. പ്രാചീനമായ എല്ലാ സംസ്‌കാരങ്ങളിലും ഗുരുവിനു പ്രാധാന്യമുണ്ടെങ്കിലും ഭാരതത്തില്‍ ഗുരുഭക്തിയുടെ തോത് വളരെ ഉയര്‍ന്ന തലത്തിലാണ്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ ദൈവത്തിനു തുല്യമായി കാണണമെന്നതാണ് പൗരാണിക കാലം മുതല്‍ തന്നെ നാം അനുഷ്ടിച്ചുവരുന്ന പാരമ്പര്യം.അച്ഛനും അമ്മയ്ക്കുമൊപ്പം ഗുരുവിനെയും ചേര്‍ത്തുവച്ച് നാം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഏത് സദ്പ്രവൃത്തിയുടെ ആരംഭത്തിലും ഗുരുവിനെ നമിക്കുക എന്നതും ഭാരതം പിന്തുടര്‍ന്നുവരുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരു നല്ല അധ്യാപകന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കു മാത്രമല്ല, ആ നാടിനുതന്നെ വിളക്കാകണമെന്നാണ് പറയാറുള്ളത്. തന്റെ ശിഷ്യരെ നേര്‍വഴിക്കു നയിക്കുകയും അവര്‍ക്ക് നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിനൊപ്പം സമൂഹത്തെ കൂടി നേര്‍വഴിക്കുനയിക്കാനുള്ള ഉത്തരവാദിത്വവും അധ്യാപകന്‍ ഏറ്റെടുക്കേണ്ടതുണ്ട്. സ്വന്തം ജീവിതം കൊണ്ട് മാതൃകകാണിക്കുകയും അതിലൂടെ ശിഷ്യര്‍ക്കും സമൂഹത്തിനും നല്ല സന്ദേശം നല്‍കാന്‍ കഴിയുകയും ചെയ്യുമ്പോഴെ ഒരാള്‍ നല്ല അധ്യാപകനായി മാറുകയുള്ളൂ എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള അധ്യാപകര്‍ നിരവധിപേര്‍ നമുക്കിടയിലുണ്ട്.

അധ്യാപനം ജീവിതവ്രതമാക്കുകയും അതിലൂടെ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന അധ്യാപകരായിമാറുകയും ചെയ്ത നിരവധിപേര്‍. ഓരോ അധ്യാപക ദിനവും നമുക്കുമുന്നിലേക്കു കൊണ്ടുവരുന്നത് നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളാണ്. അവരെ ആദരിക്കാനുള്ള അവസരമാണ്.

സപ്തംബര്‍ അഞ്ച് ദേശീയ അധ്യാപകദിനമായി നാം ആചരിച്ചുവരുന്നു. മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണന്ന്. ഭാരതത്തിന്റെ രാഷ്ട്രപതിയായിവരെ ഉയര്‍ന്ന ആ അധ്യാപകന്‍ സ്വന്തം ജീവിതത്തിലൂടെ അധ്യാപനത്തിന്റെ മഹത്വം തെളിയിച്ച വ്യക്തികൂടിയാണ്. അധ്യാപകനും ഭാരതത്തിന്റെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി നാം ആചരിച്ചുവരുന്നത്.

ഡോ. എസ്.രാധാകൃഷ്ണന്‍ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ആഘോഷമാക്കിമാറ്റാന്‍ ശിഷ്യര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഗ്രഹമുണ്ടായി. എന്നാല്‍ തന്റെ ജന്മദിനം ആഘോഷമാക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യം ഒട്ടുമില്ലായിരുന്നു. നിര്‍ബന്ധം ഏറെ വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ആഘോഷിക്കണമെന്നുനിര്‍ബന്ധമാണെങ്കില്‍ അത് എല്ലാ അധ്യാപകര്‍ക്കുംവേണ്ടി ആയിക്കൂടെ എന്നദ്ദേഹം ചോദിച്ചു. രാജ്യത്തെ അധ്യാപകര്‍ക്കായി ഒരു ദിനം എന്നത് അങ്ങനെയാണ് സാധ്യമായത്.

ചെന്നൈയ്ക്കടുത്ത് തിരുത്താണി എന്ന സ്ഥലത്താണ് രാധാകൃഷ്ണന്റെ ജനനം. ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്ന് വിദ്യാഭ്യാസത്തിലൂടെ കഴിവു തെളിയിച്ച് ഉന്നതസ്ഥാനത്തെത്തിയ വ്യക്തിയാണദ്ദേഹം. നല്ല വിദ്യാഭ്യാസവും സത്യസന്ധതയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. 1909 ല്‍ രാധാകൃഷ്ണന്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1918ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു.

ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോര്‍ എന്ന ആദ്യത്തെ പുസ്തകം പൂര്‍ത്തീകരിക്കുന്നത് ഈ കാലത്താണ്. രണ്ടാമത്തെ പുസ്തകമായ ദ റീന്‍ ഓഫ് റിലീജിയന്‍ ഇന്‍ കണ്ടംപററി ഫിലോസഫി പൂര്‍ത്തിയാക്കുന്നത് 1920 ലാണ്. 1921 ല്‍ കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായി ചേര്‍ന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കല്‍ക്കട്ട സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.

1929ല്‍ ഓക്‌സഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. 1931ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍ സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി. ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദര്‍ശനങ്ങളെ കുറിച്ച് പാശ്ചാത്യര്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ഭാരതീയ തത്വചിന്തകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നു. ഭാരതീയ തത്വചിന്ത എന്ന പേരില്‍ എഴുതിയ പുസ്തകം തത്വചിന്തയിലെ ഏറ്റവും ആധികാരികമായ പുസ്തകമായാണ് കണക്കാക്കപ്പെടുന്നത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്വചിന്തകളെ വിശകലനം ചെയ്യുന്നത് അദ്ദേഹത്തിനേറെ ഇഷ്ടമുള്ള കാര്യമായിരുന്നു.

1952 ല്‍ എസ്. രാധാകൃഷ്ണന്‍ ഭാരതത്തിന്റെ ഉപരാഷ്ട്രപതിയായി. ദേശീയവും അന്തര്‍ദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെടുന്ന ഒരു തത്വചിന്തകന്‍ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ആദ്യമായായിരുന്നു. 1962 മെയ് 13ന് അദ്ദേഹം രാഷ്ട്രപതിയായി. ഡോ.രാധാകൃഷ്ണന്‍ രാഷ്ട്രപതിയായതും ഉന്നത സ്ഥാനങ്ങളിലെത്തിയതുമെല്ലാം ഭാരതത്തിലെ അധ്യാപകര്‍ക്കു ലഭിച്ച ആദരവായാണ് കണക്കാക്കുന്നത്.

ധാരാളം ശിഷ്യഗണങ്ങളുള്ള, ഏവരാലും ആദരിക്കപ്പെടുന്ന അധ്യാപകന്‍ രാഷ്ട്രപതിയെന്ന ഉന്നതമായ സ്ഥാനത്തേക്കെത്തപ്പെടുമ്പോള്‍ ഏറെ സന്തോഷിക്കുന്നതും നല്ല ജീവിതത്തിലേക്കുള്ള വഴിയായി അറിവിനെ ആരാധിക്കുന്നവരാണ്. വിദ്യനേടുന്നത് നല്ല ശമ്പളം ലഭിക്കാനുള്ള ജോലി കരസ്ഥമാക്കുന്നതിനുള്ള ഉപാധിയായി കണക്കാക്കരുതെന്നായിരുന്നു രാധാകൃഷ്ണന്‍ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നത്. ജോലിയും മറ്റ് ഭൗതിക സാഹചര്യങ്ങളുമെല്ലാം അതിന്റെ വഴിയെ വന്നുകൊള്ളും.നല്ല വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല വഴിക്ക് ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

മെച്ചപ്പെട്ട വിദ്യാഭ്യാസം നേടണമെങ്കില്‍ നല്ല ഗുരുക്കന്മാരുണ്ടാകുകയെന്നതാണ് പ്രധാനം. അതിനാല്‍ നല്ല ഗുരുക്കന്മാരെ സൃഷ്ടിക്കുകയാണ് വേണ്ടത്. അധ്യാപനത്തെ വെറുമൊരു ജോലിയായോ ഉപജീവനമായോ കാണുന്നത് നല്ലതല്ല. ഋഷിതുല്യമായ ജീവിതമാണ് അധ്യാപകനില്‍ നിന്നുണ്ടാകേണ്ടത്. പ്രാചീനഭാരതത്തില്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു വിദ്യാഭ്യാസം നിര്‍വ്വഹിച്ചു വന്നിരുന്നത്.

ഗുരുഭവനത്തില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യുക. പുസ്തകത്തിലുള്ളതു മാത്രം പഠിക്കുക എന്നതായിരുന്നില്ല ശൈലി. ഗുരുവിന്റെ വീട്ടിലെ പശുവിനെ വളര്‍ത്തിയും വീടുവൃത്തിയാക്കിയും ജീവിക്കുകയും പുസ്തകം പഠിക്കേണ്ട നേരത്തു പഠിക്കുകയും ചെയ്യുക. നല്ല ജീവിതത്തിന്റെ ശൈലി ഏതുതരത്തിലാകണമെന്ന് പഠിപ്പിക്കുകയായിരുന്നു അവിടെ. ജീവിതമാണവിടെ അഭ്യസിപ്പിച്ചു വന്നിരുന്നത്. ഭാരതീയര്‍ ഇന്ന് ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് പഠനം ക്ലാസ്മുറിയില്‍ നിശ്ചിത സമയത്തേക്കുമാത്രമായി ചുരുക്കിയപ്പോള്‍, നമ്മള്‍ ഉപേക്ഷിച്ച ഗുരുകുല സമ്പ്രദായത്തിലേക്ക് പോകുകയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍. വിദ്യാഭ്യാസമെന്നാല്‍ ജീവിതം പഠിപ്പിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കുന്നു.

കഴിഞ്ഞ അധ്യാപക ദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമെങ്ങുമുള്ള അധ്യാപകര്‍ക്ക് നല്‍കിയ സന്ദേശത്തിലും അധ്യാപനത്തിന്റെ മഹത്വത്തെ കുറിച്ചാണ് പറഞ്ഞത്. അധ്യാപനം വെറുമൊരു തൊഴിലല്ല മറിച്ച് ഒരു ജീവിതരീതിയാണെന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയ സന്ദേശം. താന്‍ പഠിപ്പിക്കുന്നതെന്തോ അത് ജീവിതത്തില്‍ ആചരിക്കുന്നവന് ആചാര്യന്‍ എന്ന പേരുകൂടി നല്‍കിയ പാരമ്പര്യം നമുക്കുണ്ട്. വരുംതലമുറകളെ ബാധിക്കുന്ന ഏതുതരത്തിലുമുള്ള അന്ധകാരവും നീക്കിക്കളയാനുള്ള ശക്തിയിലാണ് അധ്യാപകന്റെ മഹത്വം കുടികൊള്ളുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ സപ്തംബര്‍ 5ന് കുട്ടികള്‍ക്കുമുന്നില്‍ അധ്യാപകനായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അധ്യാപകനായി ജീവിക്കുക എന്നത് ജീവിതത്തില്‍ ചെയ്യുന്ന വലിയ പുണ്യമായും കര്‍മ്മമായും അദ്ദേഹം കാണുന്നു. ഒരോ അധ്യാപകനും അങ്ങനെ കാണുകയും വേണം.

അടുത്തിടെ അന്തരിച്ച നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമും അധ്യാപകനാകുന്നതിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നല്ല അധ്യാപകന്‍ നല്ല രാഷ്ട്രത്തെയാണ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ സംസാരിക്കാനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. വിദ്യാര്‍ത്ഥികളോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനെ കുറിച്ചാണ് എപ്പോഴും പറഞ്ഞത്. വലിയ സ്വപ്‌നങ്ങളിലൂടെ വലിയ നേട്ടങ്ങളിലേക്കെത്താന്‍ അദ്ദേഹം ഉപദേശിച്ചു. സ്വപ്‌നങ്ങളിലേക്കുള്ള വഴികാട്ടിയാകാന്‍ ഒരോ അധ്യാപകനും കഴിയണം.വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടു നില്‍ക്കേയാണ് അദ്ദേഹം ഈ ലോകത്തുനിന്ന് വിട്ടുപോയതും.

ഗുരു ഈശ്വരനാണെന്നാണ് ഭാരതം പഠിപ്പിച്ചത്.ജ്ഞാനത്തിന്റെ പ്രകാശം ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുന്ന ഈശ്വരന്‍.അന്ധകാരത്തെ നശിപ്പിക്കുന്ന വെളിച്ചത്തിന്റെ ഈശ്വരനായി തിളങ്ങണം ഓരോ അധ്യാപകനും. ജ്ഞാനസൂര്യനായിമാറാനുള്ള പ്രതിജ്ഞയാകണം ഈ അധ്യാപക ദിനത്തില്‍ ഓരോ അധ്യാപകനും ചൊല്ലേണ്ടത്. അങ്ങനെയായി മാറാനുള്ള ശ്രമവും ആരംഭിക്കണം. ശിഷ്യന്മാര്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിച്ച് നല്ല ജീവിതം സമ്മാനിച്ച ഗുരുപരമ്പരകള്‍ക്ക് പ്രണാമം അര്‍പ്പിക്കാം.
കടപ്പാട്: ജന്മഭൂമി