ഇന്ദുലേഖയും ചന്തുമേനോനും'
ചന്തുമേനോന്‍ തന്റെ ഭാര്യ ലക്ഷ്മിയമ്മയ്ക്ക് വായിച്ചു രസിക്കാനായിരുന്നു ഇന്ദുലേഖ രചിച്ചത്. സാഹിത്യത്തില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം നിരവധി ഇംഗ്ലീഷ് നോവലുകള്‍ വായിക്കുമായിരുന്നു. കഥകളില്‍ അതീവ തല്പരയായിരുന്ന ലക്ഷ്മിയമ്മയ്ക്ക് ചന്തുമേനോന്‍ നോവല്‍ കഥ പറഞ്ഞു കൊടുത്തു. എന്നാല്‍ അതൊന്നും അവര്‍ക്ക് അത്ര രസിച്ചില്ല. കാരണം, ഇംഗ്ലീഷ് നോവലുകളിലെ കഥകളെല്ലാം പാശ്ചാത്യ നാടുകളുടെ പശ്ചാത്തലത്തിലായിരുന്നു. നമ്മുടെ നാടിന്റെ മണമുള്ള കഥവേണമെന്ന ലക്ഷ്മിയമ്മയുടെ ആഗ്രഹത്തില്‍ നിന്നാണ് ചന്തുമേനോന്‍ ‘ഇന്ദുലേഖ’യുടെ എഴുത്താരംഭിക്കുന്നത്. ഭാര്യയ്ക്ക് വായിച്ചു രസിക്കാനൊരു കഥ എന്നതിലുപരി ചന്തുമേനോന്റെ നോവല്‍ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ കൂടി പ്രതിപാദിക്കുന്നതാണ്.
125 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങളില്‍ നിലനിന്നിരുന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥകളെ നോവലില്‍ വിവരിക്കുന്നുണ്ട്. അതിനാല്‍ അക്കാലത്തെക്കുറിച്ചുള്ള ചരിത്രപരമായ അറിവുകള്‍ കൂടി ഇന്ദുലേഖ സമ്മാനിക്കുന്നുണ്ട്. ‘ഇംഗ്ലീഷ് നോവല്‍ മാതിരി എഴുതപ്പെട്ടിട്ടുള്ള ഒരു കഥ’ എന്നാണ് നോവലിന്റെ തുടക്കത്തില്‍ എഴുതിയിരിക്കുന്നത്. അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളു. കാരണം, മലയാളത്തില്‍ മാതൃകയായി സ്വീകരിക്കാന്‍ അത്തരത്തിലൊന്ന് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് നോവലിന്റെ എഴുത്തു ശൈലി മാതൃകയാക്കുക മാത്രമായിരുന്നു ചന്തുമേനോന് മുന്നിലുണ്ടായിരുന്ന വഴി. മലയാളത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയും ഇത്രയധികം കോപ്പികള്‍ വില്‍ക്കുകയും ചെയ്ത മറ്റൊരു കൃതി ഉണ്ടായിട്ടില്ല.
1889 മുതല്‍ 1981വരെയുള്ള ഘട്ടത്തില്‍ 63 പതിപ്പുകള്‍ ഇറങ്ങി. ഒരുലക്ഷത്തിലധികം കോപ്പികള്‍ വായനക്കാരന്റെ കൈകളിലെത്തുകയും ചെയ്തു. പിന്നീടിങ്ങോട്ട് അരലക്ഷത്തിലധികം കോപ്പികളുണ്ടായി. കഴിഞ്ഞ കുറേനാളുകളായി വിവിധ ക്ലാസ്സുകളിലെ പാഠപുസ്തകം കൂടിയാണ് ‘ഇന്ദുലേഖ’. നായര്‍, നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.
എന്നാല്‍ ഇന്ദുലേഖ നേടിയ ജനപ്രീതി മറ്റു നോവലുകള്‍ക്കുണ്ടായില്ല. മലയാള സാഹിത്യ ചരിത്രത്തില്‍ തങ്കലിപികളില്‍ ഇന്ദുലേഖ എന്ന നോവല്‍ കുറിച്ചിടുമ്പോള്‍ അതിനേക്കാള്‍ പ്രാധാന്യമാണ് ചന്തുമേനോനുള്ളത്. 1847 ജനുവരിയില്‍ മലബാറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഴയ കുറുമ്പ്രനാട് താലൂക്കിലെ നെടുവണ്ണൂരില്‍ നായര്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ ചെറിയ സ്ഥാനത്തു നിന്ന് തുടങ്ങി ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണ്. സംസ്‌കൃതത്തില്‍ പ്രാഥമിക പഠനം നടത്തിയതിനു ശേഷമാണ് അദ്ദേഹം സ്‌കൂളില്‍ ചേര്‍ന്നത്. അണ്‍കവനന്റഡ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച് മട്രിക്കുലേഷനു പഠിച്ചു തുടങ്ങിയ അദ്ദേഹത്തിനു 1864 ല്‍ കോടതിയില്‍ ഗുമസ്തനായി ജോലികിട്ടി. മലബാര്‍ മാനുവലിന്റെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ കളക്ടര്‍ ലോഗന്‍ 1867 ല്‍ ചന്തുമേനോനെ സബ് കളക്ടറാഫീസില്‍ ഗുമസ്തനായി നിയമിച്ചു. പിന്നീട് മുന്‍സിഫായി പല മലബാര്‍ കോടതികളിലും സേവനം അനുഷ്ഠിച്ചതിനുശേഷം 1892 ല്‍ കോഴിക്കോട് സബ് ജഡ്ജിയായി.
ചെറിയ കോടതിയില്‍ താഴ്ന്ന നിലയില്‍ ഗുമസ്തനായശേഷം പല പടവുകള്‍ കയറിയാണ് ജില്ലാ ജഡ്ജിപദവിയില്‍വരെയെത്തിയത്. ഔദ്യോഗിക ജീവിതത്തിനിടയിലും സാഹിത്യ തല്പരനായിരുന്ന ചന്തുമേനോന്‍ നിരവധി ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചു. ആ വായനയില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമാണ് ‘ഇന്ദുലേഖ’യിലേക്കുള്ള പ്രേരണയായത്. കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ തുടങ്ങിയവരടങ്ങുന്ന സമ്പന്നമായ സുഹൃദ് വലയമാണ് ചന്തുമേനോനുണ്ടായിരുന്നത്. വലിയ കോയിത്തമ്പുരാന്റെ ‘മയൂരസന്ദേശ’ത്തിന്റെ ആദ്യപതിപ്പ് മംഗലാപുരം ബാസല്‍ മിഷന്‍ പ്രസില്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയത് ചന്തുമേനോനാണ്. ചന്തുമേനോന്റെ രണ്ടാമത്തെ നോവലായ ‘ശാരദ’ യുടെ ഒന്നാം ഭാഗം 1892 ല്‍ പ്രസിദ്ധീകൃതമായെങ്കിലും അതു പൂര്‍ണമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലബാര്‍ കളക്ടറായിരുന്ന ഡ്യൂമെര്‍ഗ് 1891 ല്‍ ‘ഇന്ദുലേഖ’ ഇംഗഌഷിലേക്ക് വിവര്‍ത്തനം ചെയ്തു.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതം എല്ലാ വൈവിധ്യങ്ങളോടും കൂടി നില്‍ക്കുകയാണ് ‘ഇന്ദുലേഖ’ യിലും ‘ശാരദ’ യിലും. സാമൂഹിക വിമര്‍ശനപരമായ ആക്ഷേപ ഹാസ്യം രണ്ടു നോവലുകള്‍ക്കും പ്രസാദാത്മകത നല്‍കുന്നു. രണ്ടു മാസം കൊണ്ടാണ് ചന്തുമേനോന്‍ ഇന്ദുലേഖ എഴുതി തീര്‍ത്തത്. അക്കാലത്ത് കേരളത്തില്‍ നോവല്‍സാഹിത്യത്തിനതുടക്കമായിരുന്നില്ല. ഇംഗ്ലീഷുകാര്‍ മാത്രം പരിചയിച്ച ശൈലി മലയാളി വായനക്കാരെ പരിചയപ്പെടുത്തുന്നത് ശ്രമകരമായിരുന്നു. പാശ്ചാത്യരാജ്യത്ത് അവിടുത്തെ ജീവിതരീതിയും സാമൂഹ്യസമ്പ്രദായങ്ങളും അനുസരിച്ച് എഴുതി വളര്‍ന്ന നോവല്‍ സാഹിത്യത്തെ, ആ ശാഖയെക്കുറിച്ച് ഒന്നും അറിയാത്ത ജനങ്ങളില്‍ സന്നിവേശിപ്പിക്കുക എന്നത് ക്ലേശകരമായ ഒരു അവസ്ഥയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് നോവലിലെ കഥ നടക്കുന്നത്. തനി പ്രണയ കഥയാണ് പറയുന്നതെങ്കിലും അന്നത്തെ സാമൂഹ്യ പശ്ചാത്തലം വിവരിക്കുമ്പോള്‍ ബ്രിട്ടീഷ് ഭരണത്തെ കുറിച്ചും പറയാതിരിക്കാന്‍ കഴില്ല. അന്ന് സ്വാതന്ത്ര്യ പ്രസ്ഥാനം ഭാരതത്തിലാകെ സജീവമായിരുന്നു. എന്നാല്‍ അതേക്കുറിച്ച് അനുകൂലമായി പ്രതിപാദിക്കുന്നത് ബ്രിട്ടീഷുകാരില്‍ അതൃപ്തിക്കിടവരുത്തുമെന്ന തോന്നല്‍ ചന്തുമേനോന് ഉണ്ടായിരുന്നിരിക്കണം. അതിനാല്‍ ഒരധ്യായത്തില്‍ മാത്രം ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും പറഞ്ഞു പോകുക മാത്രം ചെയ്യുന്നു. നായകകഥാപാത്രമായ മാധവനും മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരും, കുടുംബത്തിലെ ഒരംഗമായ ഗോവിന്ദമേനവനും നടത്തുന്ന സംവാദത്തിലൂടെയാണ് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് വിവരിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഭാരതം ഭരിക്കണമെന്നാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ള മാധവന്റെ ആഗ്രഹം. മാധവനും ഇന്ദുലേഖയും തമ്മിലുള്ള പ്രണയവും പ്രണയ നഷ്ടവും സൂരി നമ്പൂതിരിയുടെ ഇന്ദുലേഖയെ സ്വന്തമാക്കാനുള്ള തന്ത്രവുമെല്ലാമാണ് നോവലിലുള്ളത്.
ഇന്നത്തെ വായനയില്‍ ഒരു സാധാരണ പൈങ്കിളി നോവലിലെ കഥ മാത്രം. എന്നാല്‍ ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നൊരു കഥ നോവലായി വന്നു എന്നതാണ് പ്രസക്തവും ഇന്ദുലേഖയെ ശ്രേഷ്ഠവുമാക്കുന്നത്. കേരളത്തിലെ സവര്‍ണ്ണ സമുദായത്തിന്റെ അക്കാലത്തെ ദുഷ്‌ചെയ്തികളും അവരിലന്തര്‍ലീനമായിരുന്ന സവര്‍ണ്ണ ബോധവുമാണ് നോവലില്‍ കഥയ്‌ക്കൊപ്പം വിശകലനം ചെയ്യപ്പെടുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് വളരെ ആഴത്തില്‍ നോവല്‍ ചര്‍ച്ച ചെയ്യുന്നു. ജന്മി, നാടുവാഴി ഭൂപ്രഭുത്വം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ അതിശക്തമായി ഭൂപ്രഭുത്വത്തിന്റെ ചെയ്തികളെ വിമര്‍ശിക്കുന്നതിന് അസാമാന്യമായൊരു കരളുറപ്പ് ആവശ്യമാണ്. തന്റേടിയായിരുന്ന ചന്തുമേനോന് അതുണ്ടായിരുന്നു. സവര്‍ണ്ണ സമുദായത്തിലെ അനാചാരങ്ങളെ കണക്കറ്റ് വിമര്‍ശിച്ചിരുന്ന അദ്ദേഹം നോവലിലും ആ ശൈലി അവലംബിക്കുന്നുണ്ട്.
നമ്പൂതിരിമാരും നായര്‍ സ്ത്രീകളും തമ്മില്‍ വിവാഹം നടന്നിരുന്ന കാലമായിരുന്നു അത്. എന്നാല്‍ അതുപക്ഷേ, പലപ്പോഴും നമ്പൂതിരിമാരുടെ നേരമ്പോക്കായിരുന്നു. സംബന്ധ വിവാഹം എന്നാണ് അതറിയപ്പെട്ടിരുന്നത്. ഇതൊക്കെ സമുദായത്തിലെ തെറ്റായ സമ്പ്രദായങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. സമൂഹത്തിന്റെ അനാചാരങ്ങളില്‍ നിന്നുള്ള മോചനത്തിന് നല്ല വിദ്യാഭ്യാസമുള്ള ജനതയുണ്ടാകണമെന്നാണ് ചന്തുമേനോന്‍ വിശ്വസിച്ചത്. അതിനാല്‍ ഇന്ദുലേഖയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നു. ഭാര്യയ്ക്ക് വായിച്ചു രസിക്കാനായി ഒരു നോവലെഴുതുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും ആയുധമായി എഴുത്തിനെ മാറ്റാമെന്ന ബോധമുണ്ടായിരുന്നു. ഇന്ദുലേഖയിലൂടെ അദ്ദേഹം അതു സാധിച്ചെടുത്തെന്ന് പൂര്‍ണ്ണമായി പറയാനാകില്ലെങ്കിലും അതിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിരുന്നു ഇന്ദുലേഖ
No comments:
Post a Comment