തസ്‌മൈ_ശ്രീ_ഗുരവേ_നമ:
ഇന്ന്_ലോക_അധ്യാപക_ദിനം
ഗുരു ഈശ്വരനാണെന്നാണ് ഭാരതം പഠിപ്പിച്ചത്. ജ്ഞാനത്തിന്റെ പ്രകാശം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈശ്വരന്‍. അന്ധകാരത്തെ നശിപ്പിക്കുന്ന വെളിച്ചത്തിന്റെ ഈശ്വരനായി തിളങ്ങണം ഓരോ അധ്യാപകനും. ജ്ഞാനസൂര്യനായിമാറാനുള്ള പ്രതിജ്ഞയാകണം ഈ അധ്യാപക ദിനത്തില്‍ ഓരോ അധ്യാപകനും ചൊല്ലേണ്ടത്. അങ്ങനെയായി മാറാനുള്ള ശ്രമവും ആരംഭിക്കണം. ശിഷ്യന്മാര്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിച്ച് നല്ല ജീവിതം സമ്മാനിച്ച ഗുരുപരമ്പരകള്‍ക്ക് പ്രണാമം അര്‍പ്പിക്കാം.
ഗുരുവിനെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന സംസ്‌കാരത്തിനുടമകളാണ് ഭാരതീയര്‍. പ്രാചീനമായ എല്ലാ സംസ്‌കാരങ്ങളിലും ഗുരുവിനു പ്രാധാന്യമുണ്ടെങ്കിലും ഭാരതത്തില്‍ ഗുരുഭക്തിയുടെ തോത് വളരെ ഉയര്‍ന്ന തലത്തിലാണ്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ ദൈവത്തിനു തുല്യമായി കാണണമെന്നതാണ് പൗരാണിക കാലം മുതല്‍ തന്നെ നാം അനുഷ്ടിച്ചുവരുന്ന പാരമ്പര്യം.അച്ഛനും അമ്മയ്ക്കുമൊപ്പം ഗുരുവിനെയും ചേര്‍ത്തുവച്ച് നാം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ഏത് സദ്പ്രവൃത്തിയുടെ ആരംഭത്തിലും ഗുരുവിനെ നമിക്കുക എന്നതും ഭാരതം പിന്തുടര്‍ന്നുവരുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരു നല്ല അധ്യാപകന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കു മാത്രമല്ല, ആ നാടിനുതന്നെ വിളക്കാകണമെന്നാണ് പറയാറുള്ളത്. തന്റെ ശിഷ്യരെ നേര്‍വഴിക്കു നയിക്കുകയും അവര്‍ക്ക് നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിനൊപ്പം സമൂഹത്തെ കൂടി നേര്‍വഴിക്കുനയിക്കാനുള്ള ഉത്തരവാദിത്വവും അധ്യാപകന്‍ ഏറ്റെടുക്കേണ്ടതുണ്ട്. സ്വന്തം ജീവിതം കൊണ്ട് മാതൃകകാണിക്കുകയും അതിലൂടെ ശിഷ്യര്‍ക്കും സമൂഹത്തിനും നല്ല സന്ദേശം നല്‍കാന്‍ കഴിയുകയും ചെയ്യുമ്പോഴെ ഒരാള്‍ നല്ല അധ്യാപകനായി മാറുകയുള്ളൂ എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള അധ്യാപകര്‍ നിരവധിപേര്‍ നമുക്കിടയിലുണ്ട്.
അധ്യാപനം ജീവിതവ്രതമാക്കുകയും അതിലൂടെ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന അധ്യാപകരായിമാറുകയും ചെയ്ത നിരവധിപേര്‍. ഓരോ അധ്യാപക ദിനവും നമുക്കുമുന്നിലേക്കു കൊണ്ടുവരുന്നത് നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളാണ്. അവരെ ആദരിക്കാനുള്ള അവസരമാണ്.
സപ്തംബര്‍ അഞ്ച് ദേശീയ അധ്യാപകദിനമായി നാം ആചരിച്ചുവരുന്നു. മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണന്ന്. ഭാരതത്തിന്റെ രാഷ്ട്രപതിയായിവരെ ഉയര്‍ന്ന ആ അധ്യാപകന്‍ സ്വന്തം ജീവിതത്തിലൂടെ അധ്യാപനത്തിന്റെ മഹത്വം തെളിയിച്ച വ്യക്തികൂടിയാണ്. അധ്യാപകനും ഭാരതത്തിന്റെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി നാം ആചരിച്ചുവരുന്നത്.
ഡോ. എസ്.രാധാകൃഷ്ണന്‍ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ആഘോഷമാക്കിമാറ്റാന്‍ ശിഷ്യര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഗ്രഹമുണ്ടായി. എന്നാല്‍ തന്റെ ജന്മദിനം ആഘോഷമാക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യം ഒട്ടുമില്ലായിരുന്നു. നിര്‍ബന്ധം ഏറെ വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ആഘോഷിക്കണമെന്നുനിര്‍ബന്ധമാണെങ്കില്‍ അത് എല്ലാ അധ്യാപകര്‍ക്കുംവേണ്ടി ആയിക്കൂടെ എന്നദ്ദേഹം ചോദിച്ചു. രാജ്യത്തെ അധ്യാപകര്‍ക്കായി ഒരു ദിനം എന്നത് അങ്ങനെയാണ് സാധ്യമായത്.
ചെന്നൈയ്ക്കടുത്ത് തിരുത്താണി എന്ന സ്ഥലത്താണ് രാധാകൃഷ്ണന്റെ ജനനം. ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്ന് വിദ്യാഭ്യാസത്തിലൂടെ കഴിവു തെളിയിച്ച് ഉന്നതസ്ഥാനത്തെത്തിയ വ്യക്തിയാണദ്ദേഹം. നല്ല വിദ്യാഭ്യാസവും സത്യസന്ധതയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. 1909 ല്‍ രാധാകൃഷ്ണന്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1918ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു.
ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോര്‍ എന്ന ആദ്യത്തെ പുസ്തകം പൂര്‍ത്തീകരിക്കുന്നത് ഈ കാലത്താണ്. രണ്ടാമത്തെ പുസ്തകമായ ദ റീന്‍ ഓഫ് റിലീജിയന്‍ ഇന്‍ കണ്ടംപററി ഫിലോസഫി പൂര്‍ത്തിയാക്കുന്നത് 1920 ലാണ്. 1921 ല്‍ കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായി ചേര്‍ന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കല്‍ക്കട്ട സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
1929ല്‍ ഓക്‌സഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. 1931ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍ സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി. ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദര്‍ശനങ്ങളെ കുറിച്ച് പാശ്ചാത്യര്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ഭാരതീയ തത്വചിന്തകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നു. ഭാരതീയ തത്വചിന്ത എന്ന പേരില്‍ എഴുതിയ പുസ്തകം തത്വചിന്തയിലെ ഏറ്റവും ആധികാരികമായ പുസ്തകമായാണ് കണക്കാക്കപ്പെടുന്നത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്വചിന്തകളെ വിശകലനം ചെയ്യുന്നത് അദ്ദേഹത്തിനേറെ ഇഷ്ടമുള്ള കാര്യമായിരുന്നു.
1952 ല്‍ എസ്. രാധാകൃഷ്ണന്‍ ഭാരതത്തിന്റെ ഉപരാഷ്ട്രപതിയായി. ദേശീയവും അന്തര്‍ദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെടുന്ന ഒരു തത്വചിന്തകന്‍ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ആദ്യമായായിരുന്നു. 1962 മെയ് 13ന് അദ്ദേഹം രാഷ്ട്രപതിയായി. ഡോ.രാധാകൃഷ്ണന്‍ രാഷ്ട്രപതിയായതും ഉന്നത സ്ഥാനങ്ങളിലെത്തിയതുമെല്ലാം ഭാരതത്തിലെ അധ്യാപകര്‍ക്കു ലഭിച്ച ആദരവായാണ് കണക്കാക്കുന്നത്.
ധാരാളം ശിഷ്യഗണങ്ങളുള്ള, ഏവരാലും ആദരിക്കപ്പെടുന്ന അധ്യാപകന്‍ രാഷ്ട്രപതിയെന്ന ഉന്നതമായ സ്ഥാനത്തേക്കെത്തപ്പെടുമ്പോള്‍ ഏറെ സന്തോഷിക്കുന്നതും നല്ല ജീവിതത്തിലേക്കുള്ള വഴിയായി അറിവിനെ ആരാധിക്കുന്നവരാണ്. വിദ്യനേടുന്നത് നല്ല ശമ്പളം ലഭിക്കാനുള്ള ജോലി കരസ്ഥമാക്കുന്നതിനുള്ള ഉപാധിയായി കണക്കാക്കരുതെന്നായിരുന്നു രാധാകൃഷ്ണന്‍ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നത്. ജോലിയും മറ്റ് ഭൗതിക സാഹചര്യങ്ങളുമെല്ലാം അതിന്റെ വഴിയെ വന്നുകൊള്ളും.നല്ല വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല വഴിക്ക് ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
മെച്ചപ്പെട്ട വിദ്യാഭ്യാസം നേടണമെങ്കില്‍ നല്ല ഗുരുക്കന്മാരുണ്ടാകുകയെന്നതാണ് പ്രധാനം. അതിനാല്‍ നല്ല ഗുരുക്കന്മാരെ സൃഷ്ടിക്കുകയാണ് വേണ്ടത്. അധ്യാപനത്തെ വെറുമൊരു ജോലിയായോ ഉപജീവനമായോ കാണുന്നത് നല്ലതല്ല. ഋഷിതുല്യമായ ജീവിതമാണ് അധ്യാപകനില്‍ നിന്നുണ്ടാകേണ്ടത്. പ്രാചീനഭാരതത്തില്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു വിദ്യാഭ്യാസം നിര്‍വ്വഹിച്ചു വന്നിരുന്നത്.
ഗുരുഭവനത്തില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യുക. പുസ്തകത്തിലുള്ളതു മാത്രം പഠിക്കുക എന്നതായിരുന്നില്ല ശൈലി. ഗുരുവിന്റെ വീട്ടിലെ പശുവിനെ വളര്‍ത്തിയും വീടുവൃത്തിയാക്കിയും ജീവിക്കുകയും പുസ്തകം പഠിക്കേണ്ട നേരത്തു പഠിക്കുകയും ചെയ്യുക. നല്ല ജീവിതത്തിന്റെ ശൈലി ഏതുതരത്തിലാകണമെന്ന് പഠിപ്പിക്കുകയായിരുന്നു അവിടെ. ജീവിതമാണവിടെ അഭ്യസിപ്പിച്ചു വന്നിരുന്നത്. ഭാരതീയര്‍ ഇന്ന് ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് പഠനം ക്ലാസ്മുറിയില്‍ നിശ്ചിത സമയത്തേക്കുമാത്രമായി ചുരുക്കിയപ്പോള്‍, നമ്മള്‍ ഉപേക്ഷിച്ച ഗുരുകുല സമ്പ്രദായത്തിലേക്ക് പോകുകയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍. വിദ്യാഭ്യാസമെന്നാല്‍ ജീവിതം പഠിപ്പിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കുന്നു.
കഴിഞ്ഞ അധ്യാപക ദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമെങ്ങുമുള്ള അധ്യാപകര്‍ക്ക് നല്‍കിയ സന്ദേശത്തിലും അധ്യാപനത്തിന്റെ മഹത്വത്തെ കുറിച്ചാണ് പറഞ്ഞത്. അധ്യാപനം വെറുമൊരു തൊഴിലല്ല മറിച്ച് ഒരു ജീവിതരീതിയാണെന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയ സന്ദേശം. താന്‍ പഠിപ്പിക്കുന്നതെന്തോ അത് ജീവിതത്തില്‍ ആചരിക്കുന്നവന് ആചാര്യന്‍ എന്ന പേരുകൂടി നല്‍കിയ പാരമ്പര്യം നമുക്കുണ്ട്. വരുംതലമുറകളെ ബാധിക്കുന്ന ഏതുതരത്തിലുമുള്ള അന്ധകാരവും നീക്കിക്കളയാനുള്ള ശക്തിയിലാണ് അധ്യാപകന്റെ മഹത്വം കുടികൊള്ളുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ സപ്തംബര്‍ 5ന് കുട്ടികള്‍ക്കുമുന്നില്‍ അധ്യാപകനായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അധ്യാപകനായി ജീവിക്കുക എന്നത് ജീവിതത്തില്‍ ചെയ്യുന്ന വലിയ പുണ്യമായും കര്‍മ്മമായും അദ്ദേഹം കാണുന്നു. ഒരോ അധ്യാപകനും അങ്ങനെ കാണുകയും വേണം.
അടുത്തിടെ അന്തരിച്ച നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമും അധ്യാപകനാകുന്നതിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നല്ല അധ്യാപകന്‍ നല്ല രാഷ്ട്രത്തെയാണ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ സംസാരിക്കാനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. വിദ്യാര്‍ത്ഥികളോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനെ കുറിച്ചാണ് എപ്പോഴും പറഞ്ഞത്. വലിയ സ്വപ്‌നങ്ങളിലൂടെ വലിയ നേട്ടങ്ങളിലേക്കെത്താന്‍ അദ്ദേഹം ഉപദേശിച്ചു. സ്വപ്‌നങ്ങളിലേക്കുള്ള വഴികാട്ടിയാകാന്‍ ഒരോ അധ്യാപകനും കഴിയണം.വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടു നില്‍ക്കേയാണ് അദ്ദേഹം ഈ ലോകത്തുനിന്ന് വിട്ടുപോയതും.
ഗുരു ഈശ്വരനാണെന്നാണ് ഭാരതം പഠിപ്പിച്ചത്.ജ്ഞാനത്തിന്റെ പ്രകാശം ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുന്ന ഈശ്വരന്‍.അന്ധകാരത്തെ നശിപ്പിക്കുന്ന വെളിച്ചത്തിന്റെ ഈശ്വരനായി തിളങ്ങണം ഓരോ അധ്യാപകനും. ജ്ഞാനസൂര്യനായിമാറാനുള്ള പ്രതിജ്ഞയാകണം ഈ അധ്യാപക ദിനത്തില്‍ ഓരോ അധ്യാപകനും ചൊല്ലേണ്ടത്. അങ്ങനെയായി മാറാനുള്ള ശ്രമവും ആരംഭിക്കണം. ശിഷ്യന്മാര്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിച്ച് നല്ല ജീവിതം സമ്മാനിച്ച ഗുരുപരമ്പരകള്‍ക്ക് പ്രണാമം അര്‍പ്പിക്കാം.
കടപ്പാട്: ജന്മഭൂമി
No comments:
Post a Comment