അശോക The great
********************
ഇന്ത്യ കണ്ട ഒരുപക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ ചക്രവര്ത്തി. The Great എന്ന വിശേഷണത്തിന് തീര്ത്തും അര്ഹനായ ചുരുക്കം ചില രാജാക്കന്മാരിലൊരാള്. സാമ്രാട്ട് ചക്രവര്ത്തി അശോക എന്നറിയപ്പെടുന്നു. പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്വത നിരകള് തൊട്ട് കിഴക്ക് ബംഗാള് വരെ ഇന്ത്യന് ഉപഭൂഖണ്ഡം മുഴുവന് വ്യാപിച്ച കൂറ്റന് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അശോകന്. പാടലീപുത്രമായിരുന്നു (ഇന്നത്തെ പട്ന) തലസ്ഥാനം. പ്രസിദ്ധ സാഹിത്യകാരനായ എച്ച്. ജി. വെല്സ് അദ്ദേഹത്തിന്റെ ' The outline of history' എന്ന ഗ്രന്ഥത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു.
"ചരിത്രത്തിന്റെ നിരയില് തിക്കിതിരക്കുന്ന പതിനായിരകണക്കിന് രാജാക്കന്മാരുടേയും അവരുടെ മഹത്വത്തിന്റേയും, മഹാമനസ്കതയുടേയും ഒക്കെ ഇടയില് അശോകന്റെ പേരു മാത്രം തനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങി കൊണ്ടേയിരിക്കുന്നു."
അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള് പ്രധാനമായും രണ്ട് ഉറവിടങ്ങളില് നിന്നുമാണ് ലഭിക്കുന്നത്. ഒന്ന് അശോകന് തന്നെ സ്ഥാപിച്ച നൂറോളം ശിലാ ലിഖിതങ്ങളില് നിന്നും, കൂടാതെ അശോകവദന, മഹാവംശം എന്നീ ബുദ്ധമത ഗ്രന്ഥങ്ങളില് നിന്നും. ഇതില് ശിലാ ലിഖിതങ്ങളില് എല്ലാം അശോകന് എന്ന പേര് അദ്ദേഹം ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവിടെ ദേവനാംപ്രിയ പ്രിയദര്ശി എന്ന പേരിലാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഈ ശിലാ ലിഖിതങ്ങള് ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഗധി, സംസ്കൃതം, ഗ്രീക്ക്, അറമൈക്ക് എന്നീ ഭാഷകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. മൌര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവര്ത്തിയാണ് അശോകന്. ബി. സി. 304ല് ചന്ദ്രഗുപ്ത മൌര്യന്റെ പൌത്രനും, ബിന്ദുസാരന്റെ പുത്രനുമായി അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല് തന്നെ ആയോധന കലകളിലും, യുദ്ധമുറകളിലും എല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചു. അത് കൊണ്ട് തന്നെ തീരെ ചെറുപ്പത്തില് തന്നെ അദ്ദേഹത്തിന് സൈനിക പരിശീലനം നല്കപ്പെട്ടു. ഒന്നാം തരം ഒരു വേട്ടക്കാരന് കൂടിയായിരുന്ന അദ്ദേഹം ഒരിക്കല് ഒരു മരക്കഷ്ണം മാത്രം ആയുധമായി ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നുവത്രെ. എതിരാളികളെ പോലും ഭയപ്പെടുത്തുന്ന യോദ്ധാവ്; നിഷ്ഠൂരനായ സൈന്യാധിപന്; ഇതൊക്കെയായിരുന്നു അദ്ദേഹത്തിന് കൊട്ടാരത്തിലുണ്ടായിരുന്ന ഖ്യാതി. അത് കൊണ്ട് തന്നെ ബിന്ദുസാരന് അക്കാലത്ത് അവന്തി പ്രവിശ്യയിലുണ്ടായ ഒരു കലാപം അടിച്ചമര്ത്താന് അശോകനെ നിയോഗിക്കുകയും അദ്ദേഹം അത് ഭംഗിയായി നിര്വഹിക്കുകയും ചെയ്തു. ബി. സി. 273 ല് ബിന്ദുസാരന് അന്തരിച്ചു. തുടര്ന്ന് അടുത്ത നാലു വര്ഷത്തിനുള്ളില് എതിരാളികളെയെല്ലാം ഒന്നൊഴിയാതെ ഉന്മൂലനം ചെയ്ത് ബി.സി. 269 ല് അശോകന് മൌര്യ രാജസിംഹാസനത്തില് ഉപവിഷ്ടനായി. അധികാരമേറ്റ ആദ്യത്തെ എട്ടു വര്ഷം തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിനാണ് അശോകന് ശ്രമിച്ചത്. ഇതിനായി നിരന്തര യുദ്ധങ്ങള് നടത്തി ഇന്ത്യന് ഉപഭൂഗണ്ഡം ഏറെകുറെ മുഴുവനായും തന്റെ കാല്കീഴിലാക്കി. അങ്ങനെ താമസിയാതെ അശോകന്റെ ശ്രദ്ധ കലിംഗ ദേശത്തിലും (ഇന്നത്തെ ഒറീസ്സ) പതിഞ്ഞു. അക്കാലത്ത് ലോകത്ത് കേട്ട് കേള്വി ഇല്ലാതിരുന്ന പാര്ലമെന്ററി ജനാധിപത്യ രീതിയായിരുന്നു കലിംഗയില് നിലവിലുണ്ടായിരുന്നത്. കലിംഗയില് ജനങ്ങള് വോട്ട് ചെയ്താണ് രാജാവിനെ തിരഞ്ഞെടുത്തിരുന്നത്. അശോകന് അധികാരമേറ്റ് എട്ടാം വര്ഷത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരു പക്ഷെ ഭാരത ചരിത്രത്തിലെ തന്നേയും നാഴികക്കല്ലായി മാറിയ കലിംഗ യുദ്ധം നടക്കുന്നത്. രക്തരൂഷിതമായ ആ യുദ്ധത്തില് ഏതാണ്ട് 100000 ആളുകള് കൊല്ലപ്പെടുകയും, 150000ത്തോളം ആളുകള് നാടുകടത്തപ്പെടുകയും ചെയ്തു. യുദ്ധാനന്തരം തന്റെ വിജയം ആഘോഷിക്കാന് അദ്ദേഹം യുദ്ധഭൂമി സന്ദര്ശിച്ചു. എന്നാല് അവിടെ അദ്ദേഹത്തെ എതിരേറ്റത് കഴുകന്മാര് കൊത്തി വലിക്കുന്ന മൃതദേഹങ്ങളും, അല്പ പ്രാണരായി നിരങ്ങുന്ന ശരീരങ്ങളും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂട്ട നിലവിളികളുമൊക്കയായിരുന്നു. പാറ പോലെ കരുത്തുറ്റ ആ ഹൃദയം വെണ്ണ പോലെ ഉരുകിയൊലിക്കാന് അധികസമയം വേണ്ടി വന്നില്ല. ഈ കാഴ്ചകളെല്ലാം കണ്ട് അത്യധികം ദു:ഖിതനായ അശോകന് ഇങ്ങനെ വിലപിച്ചതായി പറയപ്പെടുന്നു.
" എന്താണ് ഞാന് ചെയ്തത് ? ഇതാണ് വിജയമെങ്കില് പിന്നെ പരാജയമെന്താണ് ? ഇത് വിജയമാണോ അതോ പരാജയമാണോ ? ഇത്
നീതിയോ അനീതിയോ ? നിഷ്കളങ്കരായ കുട്ടികളേയും, സ്ത്രീകളേയും കൊല്ലുന്നത് ശൂരതയാണോ ? ഞാനിത് ചെയ്തത് സാമ്രാജ്യം വികസിപ്പിക്കുന്നതിനും, സമൃദ്ധിക്കും വേണ്ടിയായിരുന്നൊ അതൊ മറ്റൊരു രാജ്യവും, അവരുടെ മഹത്ത്വവും നശിപ്പിക്കുന്നതിനു വേണ്ടിയോ? ഇവിടെ ചിലര്ക്ക് അവരുടെ ഭര്ത്താവിനെ നഷ്ടപ്പെട്ടു, ചിലര്ക്ക് പിതാവിനെ, ചിലര്ക്ക് കുട്ടികളെ, ചിലര്ക്ക് ഗര്ഭസ്ഥ ശിശുവിനെ.. ... എന്താണീ മൃതദേഹാവശിഷ്ടങ്ങള് അര്ത്ഥമാക്കുന്നത് ? ഇവ വിജയത്തിന്റെ അടയാളങ്ങളാണോ അതോ പരാജയത്തിന്റേയോ ? ഈ കഴുകന്മാരും, കാകന്മാരും, പരുന്തുകളും മരണത്തിന്റെ സന്ദേശവാഹകരോ അതൊ തിന്മയുടേയോ ?"
എന്തായാലും വിനാശകരമായിരുന്ന കലിംഗ യുദ്ധം അശോകനെ ഒരു സമാധാന പ്രിയനാക്കി മാറ്റുകയും പിന്നീട് ജനക്ഷേമത്തിനായി അനേകം നടപടികളെടുക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്ക് അദ്ദേഹം പരിവര്ത്തനം ചെയ്യപ്പെട്ടു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നടപടികള് മൌര്യ സാമ്രാജ്യത്തിനകത്തും പുറത്തും ബുദ്ധമതം വ്യാപിക്കുന്നതിനു കാരണമായി. തന്റെ മക്കളായ മഹേന്ദ്രനേയും,സംഘമിത്രയേയും ശ്രീലങ്കയിലേക്കയച്ച് അശോകന് അവിടെ ബുദ്ധമതം സ്ഥാപിച്ചു. സാമ്രാജ്യ വിപുലീകരണ ശ്രമങ്ങള് പൂര്ണ്ണമായും ഉപേക്ഷിച്ച അശോകന് മറ്റ് രാജ്യങ്ങളുമായി സൌഹൃദം സ്ഥാപിച്ചു. മനുഷ്യര്ക്കും, മൃഗങ്ങള്ക്കുമായി ചികിത്സാ സൌകര്യങ്ങള് സ്വന്തം രാജ്യത്തില് മാത്രമല്ല , അയല് രാജ്യങ്ങളില് പോലും ആരംഭിക്കുന്നതിനു നടപടിയെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായും, സര്ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള് ജനങ്ങളിലേക്കെത്തുന്നുണ്ടെന്നുറപ്പു വരുത്താനുമായി ധര്മ്മ മഹാമാത്രന്മാര് എന്ന ഉദ്യോഗസ്ഥരെ രാജ്യത്തെമ്പാടും നിയമിച്ചു. റോഡുകളുടെ ഇരുവശത്തും തണല് മരങ്ങള് നട്ടു പിടിപ്പിക്കുകയും, കിണറുകള് പണിയിക്കുകയും ചെയ്തു. കന്നുകാലികളെ അറക്കുന്നതു നിരോധിക്കുകയും, മീന് പിടിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള് കൊണ്ടു വരികയും ചെയ്തു. നായാട്ട് പൂര്ണ്ണമായും നിരോധിക്കുകയും അനേകം മൃഗാസ്പത്രികള് സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് മനുഷ്യര്ക്ക് തുല്യമായ അവകാശങ്ങളാണ് മിണ്ടാപ്രാണികള്ക്ക് അദ്ദേഹം നല്കിയത്. ഇത് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു ശിലാലിഖിതം വായിക്കാം.
" മുന്പ് ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ കൊട്ടാരത്തില് പതിനായിരകണക്കിന് പക്ഷി മൃഗാദികളേയാണ് കറി വെക്കാനായി ദിവസവും കൊന്നിരുന്നത്. എന്നാല് ഇപ്പോള് വെറും മൂന്നു ജീവികളെ മാത്രമേ കൊല്ലുക പതിവുള്ളു. രണ്ട് മയിലിനേയും, ഒരു മാനിനേയും. ഇതില് മാനിനെ എല്ലായെപ്പോളും കൊല്ലുന്നില്ല. കാലക്രമേണ ഈ ജീവികളെ കൂടി കൊല്ലുന്നതില് നിന്നും ഒഴിവാക്കുന്നതാണ്."
തന്റെ ലിഖിതങ്ങളില് ചില ഗ്രീക്ക് രാജ്യങ്ങള്ക്കൂടി ബുദ്ധമതം പിന്തുടരുന്നതായി അശോകന് അവകാശപ്പെടുന്നുണ്ട്.
"ധാര്മ്മികമായ അധിനിവേശമാണ് ഏറ്റവും നല്ല അധിനിവേശമെന്നാണ് ഇപ്പോള് ദേവനാംപ്രിയ വിശ്വസിക്കുന്നത്്. 600 യോജന (4000 മൈലുകള്) അകലെ ഗ്രീക്ക് രാജാവായ അംതിയോക്കൊ (Antiochus) ഭരിക്കുന്നു, അദ്ദേഹത്തിനു ചുറ്റും നാലു രാജാക്കന്മാര് തുറമായ (Ptolemy), അംതീകിനി (Antigonus), മാക (Magas), അലീകസുദരോ (Alexander ll) എന്നിവര് ഭരിക്കുന്നു, അത് പോലെ ദക്ഷിണ ഭാഗത്ത് ചോളന്മാര്, പാണ്ഡ്യന്മാര് തുടങ്ങി താമ്രപര്ണ്ണി വരെ, എല്ലായിടത്തും ഇതാണ് (ധാര്മ്മികാധിനിവേശം) വിജയിച്ചിരിക്കുന്നത്."
വധശിക്ഷയുടെ സാംഗത്ത്യത്തെ കുറിച്ച് ചര്ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില് അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരുന്നു എന്നു നോക്കാം.
"നിയമത്തിലും, ന്യായവിധിയിലും ഏകത്വം ഉണ്ടാവണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ടവര്ക്ക് മൂന്നൂ ദിവസത്തെ സ്റ്റേ ഞാന് അനുവദിക്കുന്നു. ഈ സമയം വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്ക്ക് ശിക്ഷ ഇളവു ചെയ്യാനുള്ള അപ്പീല് സമര്പ്പിക്കാവുന്നതാണ്. ഞാന് അധികാരമേറ്റ് ഇരുപത്തിയാറ് വര്ഷത്തിനുള്ളില് ഇരുപത്തിയഞ്ചു തവണ തടവുകാര്ക്ക് മാപ്പ് നല്കി വിട്ടയച്ചിട്ടുണ്ട്. "
എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്തിലും, ഏതിലും വര്ഗ്ഗീയത കാണുന്ന ഇന്നത്തെ കാലഘട്ടത്തില് മത സൌഹാര്ദ്ദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപാട് നോക്കുക.
"ആരാണോ അമിതായ ഭക്തി മൂലം സ്വന്തം മതത്തെ അമിതമായി പുകഴ്ത്തുകയും അന്യരുടെ മതങ്ങളെ വിമര്ശിക്കുകയും ചെയ്യുന്നത്, വാസ്തവത്തില് അവന് അവന്റെ മതത്തിനു തന്നെയാണ് ദോഷം ചെയ്യുന്നത്. മതങ്ങള് തമ്മിലുള്ള ആശയവിനിമയം നല്ലതാണ്. എല്ലാവരും അന്യരുടെ മതങ്ങളിലുള്ള തത്ത്വങ്ങള്ക്ക് ശ്രദ്ധ കൊടുക്കുകയും അവയെ ബഹുമാനിക്കുകയും വേണം. മറ്റ് മതങ്ങളിലുള്ള നല്ല തത്ത്വങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിവുണ്ടാകേണ്ടതാണ്."
നമ്മുടെ കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും അശോകനാണെന്ന് കരുതുന്നു.
"ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ സാമ്രാജ്യത്തിനുള്ളിലും, അതിര്ത്തിക്കപ്പുറമുള്ള ചോളന്മാര്, പാണ്ഡ്യന്മാര്, സത്യപുത്രന്മാര്, കേരളപുത്രന്മാര്, തുടങ്ങി താമ്രപര്ണ്ണി വരേയും, ഗ്രീക്ക് രാജാവായ ആന്റിയോക്കസ് ഭരിക്കുന്നിടത്തും, ആന്റിയോക്കസ്സിന്റെ അയല് രാജ്യത്തെ രാജാക്കന്മാര്ക്കിടയിലും, എല്ലായിടത്തും ദേവനാംപ്രിയ പ്രിയദര്ശി രാജാവ് രണ്ടു തരത്തിലുള്ള ചികിത്സാ രീതികള്ക്കുള്ള സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നു: മനുഷ്യര്ക്കായുള്ള ചികിത്സാ രീതിയും, മൃഗങ്ങള്ക്കായുള്ള ചികിത്സാ രീതിയും. എവിടെയാണോ മനുഷ്യര്ക്കും, മൃഗങ്ങള്ക്കും ആവശ്യമായ ഔഷധ സസ്യങ്ങള് ഇല്ലാത്തത്, അവിടെയെല്ലാം ഞാന് അവ ഇറക്കുമതി ചെയ്ത് നട്ട് പിടിപ്പിച്ചിരിക്കുന്നു."
ധര്മ്മ മഹാമാത്രമാര് എന്ന പേരിലുള്ള ഉദ്യോഗസ്ഥന്മാരെ അശോകന് നിയമിച്ചിരുന്നതായി മുന്പ് പറഞ്ഞിരുന്നല്ലൊ. ഇവരെ കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്നു നോക്കാം.
"മുന്പ് ഇവിടെ ധര്മ്മ മഹാമാത്രമാര് ഉണ്ടായിരുന്നില്ല, എന്നാല് ഞാന് അധികാരമേറ്റ് പതിമൂന്നു വര്ഷം പിന്നിട്ടപ്പോള് ഇത്തരം ഉദ്യോഗസ്ഥന്മാരെ ഞാന് നിയമിച്ചു. ഇവര് എല്ലാ മതങ്ങളുടെ ഇടയിലും ധര്മ്മ സ്ഥാപനത്തിനായും, സംരക്ഷണത്തിനായും, പ്രജകളുടെ ക്ഷേമത്തിനും, സന്തോഷത്തിനും വേണ്ടി പ്രവര്ത്തിക്കുന്നു. ഇവര് ഗ്രീക്കുകാര്, കംബോജന്മാര്, ഗാന്ധാരന്മാര്, രാഷ്ട്രികന്മാര് , പടിഞ്ഞാറന് അതിര്ത്തിയിലെ മറ്റ് ജനങ്ങള് എന്നിവര്ക്കിടയില് പ്രവര്ത്തിക്കുന്നു. ഇവര് ഭടന്മാര്, പ്രധാനിമാര്, ബ്രാഹ്മണന്മാര്, ദരിദ്രന്മാര്, വൃദ്ധര് എന്നിവരുടെ ഇടയില് അവരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി പ്രവര്ത്തിച്ച് അവരെ ചൂഷണങ്ങളില് നിന്നും മുക്തരാക്കുന്നു. "
ഇപ്രകാരം ഏതാണ്ട് നാല്പത് വര്ഷത്തെ ഭരണത്തിനു ശേഷം ബി. സി. 232 ല് അശോകന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഏഴു പകലിനും, ഏഴു രാത്രികള്ക്കും ശേഷമാണത്രെ ചിതയിലെ തീ അണഞ്ഞത്. എന്തായാലും ഉചിതമായ ആദരവ് തന്നെയാണ് ഭാരതം പില്ക്കാലത്ത് അദ്ദേഹത്തിന് നല്കിയത്. സാരാനാഥില് നിന്ന് കണ്ടെടുത്ത അശോക സ്തംഭത്തെ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുകയും, അശോക ചക്രത്തെ ഇന്ത്യയുടെ പതാകയില് ഉള്പ്പെടുത്തുകയും ചെയ്തു. അതു വഴി അദ്ദേഹത്തെ ഇന്നും ഓര്മ്മിക്കാന് നമുക്ക് സാധിക്കുന്നു.
Friday, 15 September 2017
അശോക The great
Subscribe to:
Post Comments (Atom)
No comments:
Post a Comment