Friday, 27 October 2017

ചാത്തമ്പള്ളിക്കാവ് വിഷകണ്ടൻ ദൈവം - വെള്ളാട്ടം

ഉത്തരമലബാറിലെ
കാറ്റിന്‌ ഇനി...
കനകപൊടിയുടെ ഗന്ധമാണ്‌....
മലയിറങ്ങി തെയ്യങ്ങള്‍
വരവായ്‌...


വിഷകണ്ടന്‍ തെയ്യം ....


ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണ കാലത്ത് സവർണ അടിച്ചമർത്തലുകൾക്ക് ഇരയാകേണ്ടി വന്ന അനേകായിരങ്ങളുടെ പ്രതിനിധിയാണ് വിഷകണ്ടൻ. വിഷകണ്ടന്‍റെ ഐതീഹ്യം ഒരു കാലഘട്ടത്തിന്‍റെ തന്നെ നേർചിത്രം നമുക്ക് കാട്ടിത്തരുന്നു. കൊളച്ചേരി ദേശത്തെ പ്രമാണിയും പേരുകേട്ട വൈദ്യനുമായിരുന്നു കരുമാരത്തില്ലത്ത് നമ്പൂതിരി. ഒരിക്കൽ അന്നാട്ടിലെ പേരുകേട്ടൊരു തറവാട്ടിലെ സ്ത്രീയേ പാമ്പുകടിക്കുകയും തറവാട്ടുകാർ അവരെ കരുമാരത്തില്ലത്ത് എത്തിക്കുകയും ചെയ്തു. നമ്പൂതിരി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ സ്ത്രീയെ രക്ഷിക്കാനായില്ല. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതുകയും ബന്ധുക്കൾ മൃതദേഹം ഇല്ലത്തു നിന്നും ചുമന്നുകൊണ്ടു പോവുകയും ചെയ്തു തീയസമുദായത്തിൽപ്പെട്ട കണ്ടൻ എന്നയാൾ ഇതു കാണാനിടയായി. മൃതദേഹം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കണ്ടൻ മൃതദേഹം പരിശോധിച്ച ശേഷം ബന്ധുക്കളോട് മൃതദേഹം കുളത്തിൽ ഇറക്കിവെക്കാനും കുമിള പൊങ്ങി വരുമ്പോൾ പുറത്തെടുക്കാനും ആവശ്യപ്പെട്ടു. ബന്ധുക്കൾ അപ്രകാരം ചെയ്തു. കണ്ടൻ അടുത്തുള്ള തെങ്ങിന്‍റെ  മുകളിൽ കയറി കൊലക്കരുത്ത് എന്ന മന്ത്രം ചൊല്ലി. കുളത്തിൽ നിന്നും കുമിളകൾ പൊങ്ങുന്നത് കണ്ട ബന്ധുക്കൾ സ്ത്രീയുടെ മൃതദേഹം കരയ്ക്കെടുത്തു. നമ്പൂതിരി മരണപ്പെട്ടുവെന്ന് വിധിയെഴുതിയ സ്ത്രീ പെട്ടെന്ന് എഴുന്നേറ്റിരിന്നുവത്രേ.


ആ തറവാട്ടുകാർ കണ്ടനു പ്രതിഫലം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അവസാനം അവർ കണ്ടനു ഒരു പുതിയ വീട് നിർമിച്ച് കൊടുക്കാൻ തീരുമാനിച്ചു. കണ്ടനെ നിർബന്ധിച്ചു സമ്മതിപ്പിക്കുകയും ചെയ്തു. അങ്ങനെ വീടിന്റെ നിർമ്മാണം പൂർത്തിയായി. ഗൃഹപ്രവേശനം നടത്തി വീട് കണ്ടന് നൽകി. സംഭവമറിഞ്ഞ നമ്പൂതിരിക്ക് അത് തൻ്റെ മേൽക്കോയ്മയ്ക്ക് സംഭവിച്ച അടിയായി തോന്നി. കണ്ടനോട് പക തോന്നിയ നമ്പൂതിരി അദ്ദേഹത്തെ വകവരുത്താനായി തീരുമാനിച്ചു. അതിനായി തന്‍റെ കിങ്കരന്മാര ഏർപ്പാടാക്കിയ നമ്പൂതിരി കണ്ടനെ തന്‍റെ ഇല്ലത്തേക്ക് ക്ഷണിച്ചു. തിരിച്ചു പോവുന്ന വഴിയിൽ വച്ച് കണ്ടനെ അവർ വെട്ടിക്കൊന്നത്രേ.


പിന്നീട് ഇല്ലത്ത് പല ദുർനിമിത്തങ്ങളും കണ്ടപ്പോൾ അവർ പ്രശ്നം വെച്ച് നോക്കുകയും പ്രശ്ന ചിന്തയിൽ അരും കൊല ചെയ്യപ്പെട്ട കണ്ടനെ കുടിയിരുത്തി തെയ്യക്കോലമായി കെട്ടിയാടിച്ചാൽ മാത്രമേ പരിഹാരമാവുകയുള്ളുവെന്ന് ബോധ്യപ്പെട്ടു. അങ്ങനെ ചാത്തമ്പള്ളിക്കാവിൽ വിഷകണ്ടൻ ദൈവം ജനിച്ചു. ഇന്നും വിഷകണ്ടൻ ദൈവം കെട്ടിയാടിക്കുമ്പോൾ കാവിൽ നിന്നും കരുമാരത്തില്ലത്തേക്ക് പോവുന്ന പതിവുണ്ട്. വിശ്വാസികൾക്ക് വിഷകണ്ടൻ ദൈവമാവുമ്പോൾ തന്നെ ആ തെയ്യക്കോലം ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള അവസാനിക്കാത്ത പ്രതിഷേധങ്ങളുടെ പ്രതീകമായും മാറുന്നു

No comments:

Post a Comment