ദീപാവലി
*കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്.* അതായത് കറുത്തവാവിന് തലേന്നാള്‍. *ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്.* വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ് അയോധ്യയിലെത്തുന്നത്. *പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു.* പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. *അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ് സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ് ദീപാവലി.*
കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു. *എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ് ദീപാവലി. ഉത്തരേന്ത്യയിലാണ് ദീപാവലി അതികേമമായി ആഘോഷിക്കുന്നത്. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.* _ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന് ആഘോഷിക്കുന്നു._
No comments:
Post a Comment