ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി..
തമിഴ്പുലികളാല്‍ കൊലചെയ്യപ്പെട്ട രജനി തിരണഗാമ എന്ന മനുഷ്യാവകാശപ്രവര്‍ത്തകയുടെ ജീവിതം സിനിമയാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹോളിവുഡ് സിനിമാസംഘത്തോടൊപ്പം ശ്രീലങ്കയിലെത്തിയതാണ് പീറ്റര്‍ ജീവാനന്ദം എന്ന എഴുത്തുകാരന്‍. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പ്രസ്തുത സിനിമ നിര്‍മ്മിക്കുന്നത്. തമിഴ് വിമോചനപ്പോരാളികളുമായി വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍നടന്ന മുഴുവന്‍ മനുഷ്യാവകാശധ്വംസനങ്ങളേയും വെള്ള പൂശി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ സിനിമാനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ മനുഷ്യാവകാശധ്വംസനങ്ങളും ജനാധിപത്യവിരുദ്ധതയും ആ പ്രസ്ഥാനത്തെ എങ്ങിനെ ഇല്ലായ്മ ചെയ്യിപ്പിക്കും എന്നത് വ്യത്യസ്തമായൊരു തലത്തില്‍ വെളിപ്പെടുത്തുക എന്നതാണ് ഈ സിനിമകൊണ്ട് പീറ്ററും കൂട്ടരും ഉദ്ദേശിച്ചിരുന്നത്. മുമ്പൊരിക്കല്‍ ഇതേ സിനിമാപദ്ധതിയുമായി നടക്കുകയും ഒടുവില്‍ കഷ്ടിച്ച് ജീവനുംകൊണ്ട് രക്ഷപ്പെടുകയും ചെയ്ത ആളാണ് പീറ്റര്‍ ജീവാനന്ദം. ഇയക്കത്തിലെ ഒരു പെണ്‍ പോരാളിയായിരുന്ന സുഗന്ധിയുമായി പീറ്ററിന് അടുപ്പമുണ്ടായിരുന്നു. ആ സുഗന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതും പീറ്ററിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണ്.
തിരക്കഥാരചനയും ചര്‍ച്ചയും ഒക്കെയായി മുഴുകിയിരിക്കുമ്പോഴാണ് മീനാക്ഷി രാജരത്തിനം എന്ന പേരില്‍ ഒരാള്‍ എഴുതിയ ദേവനായകിയിന്‍ കതൈ എന്ന കുറിപ്പുകള്‍ പീറ്ററിനു കിട്ടുന്നത്.
ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ കുലശേഖരസാമ്രാജ്യത്തിലുള്ള കാന്തല്ലൂരിലെ അപ്സരസുന്ദരിയായിരുന്ന ദേവനായകിയുടെ കഥയായിരുന്നു അത്. ആദ്യം കാന്തള്ളൂര്‍ മന്നനായ മഹേന്ദ്രവര്‍മ്മന്റെ എട്ടാമത്തെ റാണിയായും പിന്നീട് മഹേന്ദ്രവര്‍മ്മനെ വധിച്ച രാജരാജചോളന്റെ ഭാര്യയായും അതുകഴിഞ്ഞ് ചാം പ്രസാദെന്ന ചീനക്കാരന്‍ രത്നവ്യാപാരിയുടെ വെപ്പാട്ടിയായും ഏറ്റവും ഒടുവില്‍ തന്റെ മൂന്നുവയസ്സുകാരി മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി അരുംകൊലചെയ്ത സിംഹളമന്നന്‍ മഹീന്ദ്രനോട് പ്രതികാരം ചെയ്യാനായി സ്വപ്നനഗരിയില്‍ വന്ന്‍ മഹീന്ദ്രന്റെ ഭാര്യയായി നടിച്ച് ഒടുവില്‍ സ്വപ്നനഗരിയെ തകര്‍ത്തുതരിപ്പണമാക്കാനും ഒടുവില്‍ മഹീന്ദ്രനാല്‍ ഇരുമുലകളും ച്ഛേദിക്കപ്പെട്ട് രക്തം വാര്‍ന്നുനിന്നശേഷം സംഹാരരുദ്രയായിമാറി ഒരു കാല് സിഗിരിയയിലും അടുത്തകാല് ശ്രീപാദമലയിലും വച്ച് ആകാശത്തേയ്ക്ക് നടന്നുകയറുകയും ചെയ്ത സാക്ഷാല്‍ ദേവനായകിയുടെ കഥ.
വായിച്ചുതീരുമ്പോള്‍ അങ്ങേയറ്റം അതിശയത്തോടെയും അത്ഭുതപരതന്ത്രതയോടെയും നിശ്ചലമായി കുറേയേറെ സമയമിരുന്നുപോകുന്ന അനുഭവം സമ്മാനിക്കുന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.ഉറപ്പായും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ പെടുത്തുവാന്‍ മടിയൊട്ടും തന്നെ വേണ്ടാത്ത ഒന്നാണ് ഈ പുസ്തകം. ഒരു വേള മലയാള നോവല്‍ രംഗത്ത് അടുത്ത കാലത്തുവന്നതിലെ ഒരു അത്ഭുതമെന്നുതന്നെ ഈ നോവലിനെ വിശേഷിപ്പിക്കാം. നോവലിന്റെ അവസാനഭാഗമൊക്കെയാകുമ്പോള്‍ മനസ്സറിയാതെ പിടഞ്ഞുപോകും. അരുളും യമുനയുമൊക്കെ അനുഭവിക്കുന്ന പീഡനത്തിന്റെ വേദന നമ്മുടെ ശരീരത്തില്‍ അനുഭവപ്പെടും. ശ്രീലങ്കയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ മനുഷ്യാവകാശധ്വംസനങ്ങള്‍ വ്യക്ത്യവും ദൃഡവുമായ ഭാഷയിലാണ് ഈ നോവല്‍ വരച്ചു വയ്ക്കുന്നത്. പത്താം നൂറ്റാണ്ടിലെ ഒരു മിത്തിക്കല്‍ കഥാപാത്രമായ ദേവനായകിയെ കഥാകൃത്ത് അതിസമര്‍ത്ഥമായാണ് ശ്രീലങ്കയിലെ ഇപ്പൊഴത്തെ അരക്ഷിതാവസ്ഥയുമായി ചേര്‍ത്തുകെട്ടുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ചാവേറുകളായി പൊട്ടിച്ചിതറുവാന്‍ മുന്നോട്ട് വരുന്നതെന്നതിന് കൃത്യമായ ഉത്തരം ഈ നോവല്‍ തരുന്നുണ്ട്. ദേവനായകിയുടെ ഇരുമുലകളും ച്ഛേദിക്കപ്പെട്ടപ്പോള്‍ അഭിനവ ദേവനായകിയായ സുഗന്ധിയുടെ ഇരുകരങ്ങളും ച്ഛേദിക്കപ്പെടുന്നു. സ്വന്തം രാജ്യത്തുനിന്ന് ഓടിയൊളിച്ച് അഭയാര്‍ത്ഥിയായി അന്യരാജ്യത്ത് കഴിയേണ്ടിവരുന്ന എത്രയോ മനുഷ്യര്‍. സുഗന്ധിയും പൂമണിയും അരുളും യമുനയും ഒക്കെ ദുരനുഭവങ്ങളുടെ ഇരകളാണ്. ഫാസിസം അതിന്റെ പൂര്‍ണ്ണരൂപം കൈയാളിയിരിക്കുന്ന ഇടങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം എന്നതിന് പുല്ലുവിലപോലുമില്ലാതാകുന്നു. ആര്‍ക്കും എന്തും എപ്പോഴും സംഭവിക്കാം. ചോദിക്കാനാരുമില്ല. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേ രൂപം കൊണ്ട സംഘടന ഭരണകൂടത്തേക്കാളും വലിയ ഫാസിസ്റ്റ് ശക്തിയായിമാറിയെന്ന്‍ ഈ നോവല്‍ വ്യക്തമാക്കുന്നു.
എതൊരു രാജ്യത്തേയും ആഭ്യന്തരകലാപങ്ങളിലും പോരാട്ടങ്ങളിലും എറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുക സ്ത്രീകളായിരിക്കും. കടന്നുകയറുവാനും വെട്ടിപ്പിടിക്കാനും രസിച്ചുമറിയാനുമുള്ള രാജ്യങ്ങളാണ് ഓരോ സ്ത്രീശരീരവും എന്ന്‍ സര്‍വ്വശക്തികളും ധരിച്ചുവച്ചിരിക്കുന്നു. അതിനൊരു മാറ്റമുണ്ടാകുക അസാധ്യവുമാണ്. അനുഭവങ്ങളുടെ ക്രൂരത താങ്ങാനാവതെ ഓരോ സ്ത്രീയും ചാവേറായി മാറിയെങ്കിലും പ്രതികാരം ചെയ്യുവാന്‍ മുന്നോട്ട് വരുന്നതില്‍ അത്ഭുതമില്ല.
അതിതീഷ്ണമായതും അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതുമായ ഒരു അനുഭവമാണീ നോവല്‍.....